തലയോലപ്പറമ്പ് :സ്ലാബിടാത്ത ഓടകൾ യാത്രക്കാർക്ക് തലവേദനയാകുന്നു.
വൈക്കം - തലയോലപ്പറമ്പ് റോഡിലെ ഓടയാണ് മൂടിയില്ലാതെ കിടക്കുന്നത്. ഇതുവഴി പോകുന്ന യാത്രക്കാർ ഒരല്പം ശ്രദ്ധിച്ചില്ലെങ്കിൽ ഓടയിൽ വീഴുമെന്നുറപ്പാണ്. പലതവണ പൊതുമരാമത്ത് വകുപ്പിനോട് ഓട മൂടണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. സിലോൺകവല, പൊട്ടൻചിറ, വടയാർ ഭാഗങ്ങളിലെ കൊടും വളവുകളിൽ നിർമ്മിച്ചിരിക്കുന്ന ഓട നിർമ്മാണത്തിന് ശേഷം മൂടാതെയിടുകയാണുണ്ടായത്.തുടർന്ന് ഈ ഭാഗത്ത് പലപ്പോഴായി നിരവധി അപകടങ്ങളാണുണ്ടായത്.
മാസങ്ങൾക്ക് മുൻപ് ഉദയനാപുരം പടിഞ്ഞാറെക്കര സ്വദേശിയായ യുവാവ് മറ്റൊരു വാഹനത്തിന് സൈഡുകൊടുക്കുന്നതിനിടെ മൂടിയില്ലാത്ത കാനയിൽ വീണു ഗുരുതരമായി പരിക്കേറ്റ് മരിച്ചിരുന്നു. വാഴമന സ്വദേശി സഞ്ചരിച്ചിരുന്ന ബൈക്ക് ഓടയിലേയ്ക്ക് മറിഞ്ഞ് പരിക്കേറ്റയാൾ ഇപ്പോഴും ചികിത്സയിലാണ്. രാത്രി എതിർദിശയിൽ വരുന്ന വാഹനങ്ങൾ ഡിം അടിക്കുകയോ സൈഡ് നൽകാതിരിക്കുകയോ ചെയ്താൽ ഇരുചക്ര വാഹനങ്ങൾ കൊടും വളവിലെ ഓടയിൽ വീണ് അപകടത്തിൽ പെടുന്നത് പതിവാണ്. വീതി കുറഞ്ഞ റോഡിൽ വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് മൂടിയില്ലാത്ത കാനയിലേക്ക് ചെറുവാഹനങ്ങൾ വീഴുന്നത്.
കരാറുകാർ ഓട നിർമ്മിച്ചശേഷം സ്ലാബ് സ്ഥാപിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
കൊടുംവളവിലാണ് മൂടിയില്ലാത്ത ഓട
അപകങ്ങൾ ഇവിടെ പതിവ്
അപകടത്തിൽ ഒരാൾ മരിച്ചു
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ
കരാറുകാർ സ്ലാബിടാതെ മുങ്ങുന്നു