അയ്മനം: വഴിവിളക്കുകൾ മിഴിയടച്ചതോടെ ഒരു പഞ്ചായത്ത് മുഴുവൻ അന്ധകാരത്തിലമർന്നു.
അയ്മനം പഞ്ചായത്തിലെ ഇരുപത് വാർഡുകളിലുള്ള ആയിരത്തിലേറെ വഴിവിളക്കുകളിൽ ഭൂരിഭാഗവും തെളിയുന്നില്ല. വഴിവിളക്കുകൾ കേടായാൽ പഞ്ചായത്താണ് മാറ്റിയിടുന്നത്. പഞ്ചായത്തിന് ബൾബ് മാറ്റാൻ വാഹനവും ഇൻഷ്വർ ചെയ്ത ജീവനക്കാരുമുണ്ട്. കെ.എസ്.ഇ.ബിയും പഞ്ചായത്തും തമ്മിലുള്ള തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം.
പാടശേഖരങ്ങൾ നിറഞ്ഞ അയ്‌മനം പഞ്ചായത്തിൽ രാത്രിയായാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. വഴിവിളക്ക് കൂടി ഇല്ലാതായതോടെ ജീവൻ പണയം വച്ചാണ് കാൽനടയാത്രക്കാരടക്കം യാത്ര ചെയ്യുന്നത്. കരീമഠം, വല്യാട്, കല്ലുങ്കത്ര,പുലിക്കുട്ടിശ്ശേരി, ജയന്തി,ഇരവീശ്വരം, കുടമാളൂർ, കുടയംപടി, കല്ലുമട,ഒളശ്ശ, പരിപ്പ്, അമ്പലക്കടവ്, ചീപ്പുങ്കൽ തുടങ്ങിയ വാർഡുകളിലെ വഴിവിളക്കുകളിൽ ഭൂരിഭാഗവും കണ്ണടച്ചിരിക്കുകയാണ്. പഞ്ചായത്തിലെ ജീവനക്കാർ പോസ്റ്റിൽ കയറാതെ വാഹനത്തിലെ ഏണിയിൽ നിന്നുമാണ് വിളക്ക് മാറുന്നതെന്നും, അതിനാൽ അപകട സാദ്ധ്യത കുറവാണെന്നും നാട്ടുകാർ പറയുന്നു.കെ.എസ്.ഇ.ബി ജീവനക്കാരോട് വഴിവിളക്ക് മാറി തരാൻ പറഞ്ഞാൽ അവർക്ക് തോന്നുമ്പോൾ മാത്രമാണെത്തുന്നതെന്നും നാട്ടുകാർ ആരോപിച്ചു. വഴിവിളക്കുകൾ കെ.എസ്.ഇ.ബി മാറി നാൽകുകയോ , പഞ്ചായത്തിനെ മാറാൻ അനുവദിക്കുക ചെയ്‌തില്ലെങ്കിൽ ശക്തമായ സമരത്തിനൊരുങ്ങുമെന്ന് അയ്‌മനം നിവാസികൾ പറഞ്ഞു.
ആരോപണവും പ്രത്യാരോപണങ്ങളും
മാസങ്ങളായി വിളക്ക് പുന:സ്ഥാപിക്കുന്നതിൽ നിന്നും പഞ്ചായത്തിനെ കെ.എസ്.ഇ.ബി വിലക്കിയെന്നാണ് ആക്ഷേപം.പൂവത്തുമൂട്ടിൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് വഴിവിളക്ക് മാറുന്നതിനിടയിൽ കരാർ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. തുടർന്ന് പഞ്ചായത്തുകൾഅറ്റകുറ്റപണി നടത്തണമെങ്കിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിലായിരിക്കണം എന്നതാണ് കെ.എസ്.ഇ.ബിയുടെ നിർദ്ദേശം. എന്നാൽ വഴിവിളക്കുകൾ പുന:സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ആവശ്യമായ ജീവനക്കാരെ കെ.എസ്.ഇ.ബി വിട്ടു നൽകുന്നില്ലെന്നാണ് പഞ്ചായത്തിന്റെ പരാതി.
വഴിവിളക്ക് സ്ഥാപിക്കുന്നതിൽ നിന്നും പഞ്ചായത്തിന് കെ.എസ്.ഇ.ബി വിലക്ക് ഏർപ്പെടുത്തിയ വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തുടർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ''
എ.കെ ആലിച്ചൻ (അയ്‌മനം പഞ്ചായത്ത് പ്രസിഡന്റ്)