കോട്ടയം : പൊൻകുന്നം വർക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ ' എന്ന ചെറുകഥയെ ആസ്‌പദമാക്കി ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വസിനിമയുടെ ആദ്യ പ്രദർശനം ഇന്ന് വൈകിട്ട് 4 ന് പാമ്പാടി പൊൻകുന്നം വർക്കി സ്മൃതി മണ്ഡപത്തിൽ നടക്കും.

ഔസേഫ് എന്ന കർഷകനും കണ്ണൻ എന്ന ഉഴവുകാളയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ശബ്ദിക്കുന്ന കലപ്പ പറയുന്നത്. ദേശീയ അവാർഡ് ജേതാവ് നിഖിൽ എസ് പ്രവീണാണ് ഛായാഗ്രാഹകൻ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതവും ശ്രീജിത്ത് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

പുതുമുഖം പരമേശ്വരനാണ് ഔസേഫിനെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സംവിധായകൻ കണ്ടെടുത്തതാണ് പരമേശ്വരനെ. ഔസേഫിന്റെ ഭാര്യയായി ലൈല ഒറവയ്ക്കലും മകളായി മാദ്ധ്യമ പ്രവർത്തക നിസയും വേഷമിട്ടിരിക്കുന്നു.