ഏറ്റുമാനൂർ: നഗരത്തെ മാലിന്യത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കാൻ തയ്യാറെടുക്കുകയാണ് നഗരസഭ.

ഇതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ സംസ്ഥാന ശുചിത്വമിഷനും.ഏറ്റുമാനൂർ നഗരസഭയുടെ നേതൃത്വത്തിൽ
പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് പൊടിക്കുന്നതിനായി ഷെഡ്രിംഗ് യൂണിറ്റ് , ബയോഗ്യാസ് പ്ലാന്റുകൾ, തുമ്പൂർമൂഴി മോഡൽ പ്ലാന്റ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും.മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി, നഗരസഭ ആസ്ഥാനം, പേരൂർ കവല, മഹാദേവ ക്ഷേത്രം, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനായി ചില്ലുകൊണ്ട് നിർമ്മിച്ച ബോട്ടിൽ ഹട്ടുകൾ സ്ഥാപിക്കും. ഇതിനായി പ്രത്യേകം വാഹന സൗകര്യവും തയാറാക്കും. നഗരസഭാപരിധിയിൽ വരുന്ന 10 സ്‌കൂളുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനവും ഉടൻ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുടെ നിർമാണവും ഈ വർഷം തന്നെ ആരംഭിക്കും. ഉറവിട മാലിന്യ നിർമാർജനത്തിനായുള്ള റിംഗ് കമ്പോസ്റ്റുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്.

ശുചിത്വമിഷൻ അനുവദിച്ചത്... 40 ലക്ഷം

 ഇതിൽ 25 ലക്ഷം ഷ്രെഡിംഗ് യൂണിറ്റിനും 15 ലക്ഷം കെട്ടിട നിർമാണത്തിനും യന്ത്രങ്ങൾ വാങ്ങുന്നതിനുമായിട്ടാണ് ചെലവഴിക്കുക.

 ആദ്യ ശ്രമം പാളി

2017 - 18 വർഷത്തെ ബഡ്‌ജറ്റിൽ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിനായി 20 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പദ്ധതി നടപ്പിലായില്ല.വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി 70 പേർ അടങ്ങുന്ന ഹരിതകർമസേന രൂപീകരിച്ച് പരിശീലനം നൽകി പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പ്ലാൻ ഫണ്ടിൽ ഉൾക്കൊള്ളിച്ചിരുന്ന യൂണിറ്റ് 2018 - 19 വർഷത്തേക്ക് മാറ്റിയപ്പോൾ തുക പുതുക്കി വയ്ക്കാൻ അധികൃതർ തയാറായില്ല.തുടർന്ന് പഴയ പദ്ധതി വിഹിതത്തിലായതിനാൽ യൂണിറ്റിന്റെ നിർമാണം അനിശ്ചിതത്വത്തിലാവുകയും ചെയ്തു. പിന്നീട് ശുചിത്വമിഷൻ ഫണ്ട് അനുവദിച്ചതോടെയാണ് പദ്ധതി പുനരാരംഭിക്കുന്നത്.

അടുത്ത മാർച്ചിൽ തന്നെ നിർമാണങ്ങൾ ആരംഭിക്കാൻ സാധിക്കുന്ന രീതിയിൽ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ മാലിന്യ പ്രശ്‌നത്തിന് ഒരു പരിഹാരമാകും. ''

ജോയി ഊന്നുകല്ലേൽ ( ഏറ്റുമാനൂർ നഗരസഭാ ചെയർമാൻ )