കോട്ടയം: മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിക്കാനുള്ള പദ്ധതിയിൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്‌ത് 820 പേർ. സംസ്ഥാനത്തെമ്പാടുമായി 42,461 പേരാണ് രജിസ‌്റ്റർ ചെയ്‌തിരിക്കുന്നത്. വീടുകളിൽ നിന്നു ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിൽ തന്നെ ഉപയോഗിക്കുന്നതിനും ആവശ്യം കഴിഞ്ഞ ശേഷം വില്ക്കുന്നതിനും സാധിക്കുന്ന രീതിയിലാണ് കെ.എസ്.ഇ.ബി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
രണ്ട് രീതിയിലാണ് പദ്ധതി നടപ്പാക്കാൻ സാധിക്കുന്നത്. സ്ഥലം ഉടമകൾ സ്ഥലം വിട്ടു നൽകി വാടക വാങ്ങുന്ന രീതിയിലും, വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിയ്ക്ക് വില്ക്കുന്ന രീതിയിലും.
പദ്ധതിയിൽ ഭാഗമാകാൻ
കെ.എസ്.ഇ.ബിയുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്‌താൽ വൈദ്യുതി വകുപ്പ് അധികൃതർ വീട്ടിലെത്തും. സ്ഥല പരിശോധനയ്ക്ക് ശേഷം അംഗീകാരം നൽകും. സോളാർപാനൽ സ്ഥാപിച്ചതിനു ശേഷം വീട്ടുകാരുമായി വാർഷിക കരാറിൽ ഒപ്പിടും. പിന്നീട് വരുന്ന സുരക്ഷാ പരിശോധനകൾ കെ.എസ്.ഇ.ബി നടത്തും.
ചെലവ് ഇങ്ങനെ
ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 6,0000 മുതൽ 70,000 രൂപ വരെ ചെലവാകും. ആയിരം സ്‌ക്വയർ ഫീറ്റുള്ള ഒരു വീട്ടിലെ സോളാർ പാനലിൽ നിന്നു 12 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. കാലാവസ്ഥയും, പൊടിയും അടക്കമുള്ള ഘടകങ്ങൾ വൈദ്യുതി ഉത്പാദനത്തെ സ്വാധീനിക്കും.