election

കോട്ടയം : ഭിന്നശേഷിക്കാരെ വീട്ടിൽ നിന്ന് റാഞ്ചിയെടുത്ത് വോട്ട് കുത്തിച്ച് മടക്കുന്ന രാഷ്ട്രീയക്കാരുടെ പരിപാടി ഇനി നടക്കില്ല. വരുന്ന ലോക്സഭാ ഇലക് ഷൻ മുതൽ ഭിന്നശേഷിക്കാർ വീട്ടിൽ ഇരുന്നാൽ മതി. ഇലക്‌ഷൻ കമ്മിഷൻ നിയോഗിക്കുന്ന ​ ഉദ്യോഗസ്ഥർ വാഹനവുമായി എത്തി കൂട്ടിക്കൊണ്ടുപോയി വോട്ട് ചെയ്യിച്ചശേഷം സുരക്ഷിതമായി വീട്ടിലെത്തിക്കും. സാമൂഹ്യ നീതിവകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ഭിന്നശേഷിക്കാരെയും തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലക്ഷ്യം. പദ്ധതി നടപ്പാക്കാൻ എല്ലാ ജില്ലകളിലും കളക്ടർമാർ അദ്ധ്യക്ഷരായി കോർ-കമ്മിറ്റി രൂപീകരിച്ചു. സാമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ് എൻജിനിയർ എന്നിവരും നാല് എൻ.ജി.ഒകളുടെ പ്രതിനിധികളും അംഗങ്ങളാണ്.

 വഴികാട്ടിയത് കോട്ടയം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നടപ്പാക്കിയ പദ്ധതിയാണ് മാതൃകയായി സ്വീകരിച്ചിരിക്കുന്നത്. അന്ന് ഭിന്നശേഷിക്കാരെ കണ്ടെത്തി കോളേജ് വിദ്യാർത്ഥികളായ എൻ.എസ്.എസ് വോളന്റിയർമാരുടെ സഹായത്തോടെ വോട്ട് ചെയ്ത് തിരിച്ച് എത്തിച്ചിരുന്നു. സന്നദ്ധ സംഘടനകളുടെ സേവനം പുതിയ സംവിധാനത്തിലും വേണ്ടിവരും. വാഹനങ്ങൾക്ക് എത്താൻ കഴിയാത്ത പ്രദേശത്ത് നടപ്പാക്കുന്നത് എങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളിൽ ആലോചന തുടരുകയാണ്.

 ഒറ്റ ക്ളിക്കിൽ ലിസ്റ്റ് റെഡി

ഭിന്നശേഷിക്കാരെ ഒറ്റ ക്ളിക്കിൽ തിരിച്ചറിയാനാകുംവിധമാണ് വോട്ടർപട്ടിക ക്രമീകരിക്കുന്നത്. സോഫ്റ്റ്‌വെയറിൽ ഭിന്നശേഷിക്കാരാണെങ്കിൽ പ്രത്യേകം ഫ്ളാഗ് ചെയ്തിട്ടുണ്ടാകും. സാമൂഹ്യനീതിവകുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തി കൃത്യസമയത്ത് വാഹനങ്ങളിൽ ഇവരെ പോളിംഗ് ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചശേഷം തിരികെ കൊണ്ടാക്കും. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചാലേ ഭിന്നശേഷിക്കാർ എത്രയുണ്ടെന്ന് കൃത്യമായി അറിയാനാവൂ.

'' കമ്മിഷന്റെ നിർദ്ദേശ പ്രകാരം പദ്ധതി എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച കൂടിയാലോചനകൾ നടക്കുകയാണ്. ചില വെല്ലുവിളികളുണ്ടെങ്കിലും അവയെ അതീജിവിച്ച് പദ്ധതി നടപ്പാക്കും''

- എൻ.കെ. രമേശ് ചന്ദ്രൻനായർ (ജോ. സെക്രട്ടറി, തിരഞ്ഞെടുപ്പ് വിഭാഗം)