കുമരകം: പ്രളയത്തിൽ പ്രൗഡി തകർന്ന കുമരകംപഞ്ചായത്ത് അതിജീവനത്തിനൊരുങ്ങുന്നു.

കഴിഞ്ഞ പ്രളയത്തിൽ ഭൂരിഭാഗവും വെള്ളത്തിനടിയിലായ ജില്ലയിലെ ഏക പഞ്ചായത്ത് ഓഫീസാണ് കുമരകം. പൊതുജനങ്ങൾക്ക് സേവനങ്ങൾ വിരൽ തുമ്പിലെത്തിക്കാൻ അത്യാധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടവും മറ്റ് സൗകര്യങ്ങൾക്കുമായി പദ്ധതി പഞ്ചായത്ത് തയാറാക്കി കഴിഞ്ഞു. കെട്ടിടം പൂർത്തിയാകുന്നതോടെ ജില്ലയിലെ മികച്ച പഞ്ചായത്തായി കുമരകം മാറും. ആധുനിക രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ, ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് വിനോദത്തിനായി ടെലിവിഷൻ, ദിനപത്രങ്ങൾ , മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക മുറി , ഭരണസമിതി അംഗങ്ങളുടെ വിവരങ്ങൾ, ജീവനക്കാരുടെ പേരും വിവരവും ഹാജർ നിലയും തുടങ്ങി നിരവധി സേവനങ്ങളാണ് ഒരുക്കുന്നത്. പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ലഭിച്ചു.

പദ്ധതിച്ചലവ്....70 ലക്ഷം

പുതിയ പഞ്ചായത്ത് ഇങ്ങനെ

ഹൈടെക് ഫ്രണ്ട് ഓഫീസ്

റിക്കാഡ് റും

കുടുംബശ്രീ കാന്റീൻ

 മിനി കോൺഫറൻസ് ഹാൾ

ടോയ്‌ലറ്റ് ബ്ലോക്കുകൾ

 ഇൻഫർമേഷൻ ബോർഡുകൾ

 ഇ- പെയ്‌മെന്റ് സൗകര്യങ്ങൾ

മികച്ച ക്യാബിനുകൾ

 പൊതുജനങ്ങൾക്ക് ഇരിപ്പിടങ്ങൾ
 പാർക്കിംഗ് ഏരിയ

പ്രളയം എടുത്ത പഞ്ചായത്ത്

പ്രളയത്തിൽ മുങ്ങിയ കുമരകം പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്‌ടമാണുണ്ടായത്. ഓഫിസിലേക്കുള്ള പ്രധാന റോഡുകളെല്ലാം വെള്ളം കയറി തകർന്നു. പഞ്ചായത്തിനകത്തെ കമ്പ്യൂട്ടർ ഉൾപ്പടെ നിരവധി സാമഗ്രികൾ നശിച്ചു. ഓഫീസ് നവീകരിക്കുന്നതിനൊപ്പം ഇവിടേയ്ക്കുള്ള റോഡുകൾ ഉൾപ്പടെ നവീകരിക്കാൻ പദ്ധതിയുണ്ട്.

എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കും. മറ്റ് പഞ്ചായത്തുകളെ പോലെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ അംഗീകാരത്തിലേയ്ക്ക് കുമരകത്തെ എത്തിക്കുക എന്നതാണ് പുതിയ കെട്ടിടം കൊണ്ട് ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് എല്ലാ സേവനങ്ങളും വിരൽ തുമ്പിൽ ലഭിക്കത്തക്ക നിലയിലുള്ള സംവിധാനങ്ങൾ ഒരുക്കും. ''

എ.പി സലിമോൻ (കുമരകം പഞ്ചായത്ത് പ്രസിഡന്റ്)