വൈക്കം :നാളികേരപ്പെരുമയുള്ള നാട്ടിൽ വെളിച്ചെണ്ണ പോലും വിശ്വസിച്ച് വാങ്ങാൻ പറ്റാതായി.
വില വർദ്ധന മുതലെടുത്ത് വെളിച്ചെണ്ണ വിപണിയിൽ വ്യാജന്മാർ സജീവമായതാണ് കാരണം.
നാട്ടുകാരാകട്ടെ വ്യാജ എണ്ണ വാങ്ങി വഞ്ചിതരുമാകുന്നു. വെളിച്ചെണ്ണ അത്യാവശ്യ ഘടകമായ സ്ഥിതിക്ക്
വ്യാജനേതാ ഒറിജിനൽ ഏതാന്ന് തിരിച്ചറിയാനും പറ്റുന്നില്ല.
ഇതാണ് വ്യാജന്മാരുടെ മികവ്. മായം കണ്ടെത്തിയതിനെ തുടർന്ന് പല ബ്രാൻഡഡ് കമ്പനികളും നിരോധിച്ച അവസ്ഥയിൽ ലൂസായി നൽകുന്ന എണ്ണയിലാണ് വ്യാജന്മാർ പിടിമുറുക്കിയിരിക്കുന്നത്. നാളികേര ഉത്പാദനത്തിലുണ്ടായ ഇടിവാണ് വെളിച്ചെണ്ണ വില കുത്തനെ കൂടാനും വ്യാജൻ സുലഭമാകാനും കാരണം. തമിഴ്നാട്ടിൽ നിന്നും മറ്റു മില്ലുകളിൽ ഉദ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ മായം ചേർത്താണ് വൈക്കത്തും മറ്റു സമീപപ്രദേശങ്ങളിലും വിൽക്കുന്നതെന്ന ആരോപണം ശക്തമാണ്. വൈക്കത്ത് മായം കലർന്ന ലൂസ് വെളിച്ചെണ്ണ വ്യാപകമായതോടെ കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷാവകുപ്പ് വൈക്കം സർക്കിൾ ഓഫീസർ അലക്സ്.കെ ഐസക്കിന്റെ നേതൃത്വത്തിൽ വൈക്കം ബണ്ട് റോഡ്, തലയോലപ്പറമ്പ് മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. ശേഖരിച്ച സാമ്പിളുകൾ തിരുവന്തപുരം ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധന ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.
വ്യാജന്മാർ പലവിധം
റിഫൈൻഡ് ഓയിൽ എന്ന പേരിലെത്തുന്ന വ്യാജ എണ്ണയ്ക്ക് പ്രത്യേകിച്ച് മണമോ രുചിയോ ഇല്ല. റിഫൈൻഡ് ഓയിലിലേയ്ക്ക് കൊപ്ര ചിപ്‌സ് ചേർത്ത് ഇളക്കുകയോ ഇരുപത് ശതമാനം നല്ല വെളിച്ചെണ്ണ കലർത്തുകയോ ചെയ്താൽ യഥാർഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രേ. കൊഴുപ്പ് കൂട്ടാനായി പാരഫിനും കലർത്തുന്നു.
കൊള്ളലാഭം മാത്രം ലക്ഷ്യമിട്ടാണ് വെളിച്ചെണ്ണ കച്ചവടക്കാർ റിഫൈൻഡ് ഓയിൽ എന്ന വ്യാജനെ ആശ്രയിക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണ കിലോയ്ക്ക് ഇരുന്നൂറാണെങ്കിൽ റിഫൈൻഡ് ഓയിലിന്റെ വില എൺപത്തിനാലു രൂപ മാത്രമാണ്.
എങ്ങനെ തിരിച്ചറിയാം
ശുദ്ധമായ വെളിച്ചെണ്ണ കൂടുതൽ കാലം തുറന്ന് സൂക്ഷിക്കാനാകില്ല. എന്നാൽ പാരഫിൻ കലർന്ന വെളിച്ചെണ്ണ ഏറെക്കാലം കേടുകൂടാതെയിരിക്കും.
പെട്രോളിയത്തിന്റെ ഉപോത്പന്നമാണ് പാരഫിൻ. ഇത് പ്രധാനമായും മെഴുക് നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയിൽ ഇത് ചേർത്താൽ ചെറിയ നിറവ്യത്യാസമുണ്ടാകും.