ചങ്ങനാശേരി: പെരുന്നയിൽ നഗരസഭാ പരിധിയിലുള്ള കുട്ടികൾക്കായി നിർമിച്ച ഡേ കെയർ, ബേബി കെയർ സെന്റർ അടുത്തമാസം സമർപ്പിക്കും. നഗരപരിധിയിലുള്ള സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന വീടുകളിലെ കുട്ടികളുടെ സംരക്ഷണത്തിനായാണ് ഡേ കെയർ, ബേബി കെയർ സെന്റർ നിർമ്മിച്ചത്.
2015ലാണ് പെരുന്നയിൽ കെട്ടിട നിർമാണം ആരംഭിച്ചത്. നഗരപരിധിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളുടെ സംരക്ഷണത്തിനാണ് പദ്ധതി ആവിഷ്‌കരിച്ചത്. പെരുന്നയിലുള്ള ആയുർവേദ ആശുപത്രിക്ക് സമീപത്തെ നഗരസഭയുടെ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ മാത്രം പൂർത്തിയാക്കി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും ഡേ കെയർ സെന്റർ തുറന്നില്ല. കെട്ടിടത്തിന്റെ വൈദ്യുതീകരണം, ഇന്റർലോക്കിംഗ്, കാട് കയറിയ പരിസരം വൃത്തിയാക്കൽ തുടങ്ങിയവയാണ് ഇനി പൂർത്തിയാകാനുള്ളത്. ടെൻഡർ എടുക്കാൻ ആളില്ലാത്തതിനാലാണ് ഡേ കെയർ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകിയത്. ഇതോടെ കെട്ടിടത്തിന് ചുറ്റും കാടുപിടിച്ചു. ഡേകെയറിന്റെ മുൻവശവും മുറ്റവും ഇന്റർലോക്ക് ചെയ്യുന്നതിനായി നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. ഇതിനായുള്ള ടെൻഡർ നടപടികളും പൂർത്തിയായി. കാട് വെട്ടിതെളിച്ച ശേഷം വൈദ്യുതീകരണവും ഇന്റർലോക്കിംഗും എത്രയും വേഗം പൂർത്തിയാക്കി അടുത്തമാസം സമർപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ ലാലിച്ചൻ ആന്റണി പറഞ്ഞു.