കോട്ടയം: നിത്യോപയോഗ സാധന വില കുതിച്ചുയരുമ്പോൾ കാരണം കണ്ടെത്താനാകാതെ വ്യാപാരികളും സാധാരണക്കാരും പകച്ചു നിൽക്കുന്നു. പച്ചക്കറി വില സാധാരണ ശബരിമല മണ്ഡലകാലമാരംഭിക്കുമ്പോഴാണ് വർദ്ധിക്കാറുള്ളത്. ഇക്കുറി സീസൺ അവസാനിച്ചപ്പോഴാണ് വിലക്കയറ്റം. സവാള വില കിലോയ്ക്ക് 20 രൂപയിൽ എത്തിയതൊഴിച്ചാൽ മറ്റ് ഇനങ്ങളുടെ വില വലിയ തോതിലാണ് ഉയർന്നത്. ഉള്ളി, കിഴങ്ങ് വില 30-40 രൂപ വരെയാണ്. കിലോയ്ക്ക് 28 രൂപ വരെ താഴ്ന്ന തക്കാളിക്കാകട്ടെ 60 രൂപയായി. മുരിങ്ങയ്ക്ക വില നൂറ് കടന്നു.
തൃശൂരിൽ നിന്നെത്തുന്ന ലൂസ് വെളിച്ചെണ്ണ വില 170 രൂപയിൽ നിന്ന് 200 ലേക്ക് കടന്നു. ബ്രാൻഡഡ് പായ്ക്കറ്റ് ഇനങ്ങൾക്ക് ലിറ്ററിന് (900 ഗ്രാം) 240-300 രൂപയാണ്. നാളികേര വില ശബരിമല സീസൺ ആരംഭിച്ചപ്പോൾ 36 രൂപ വരെ താഴ്ന്നിരുന്നു. ഇപ്പോൾ കിലോയ്ക്ക് 40-50രൂപയിൽ എത്തി. അരി, പയർ , പരിപ്പ് തുടങ്ങിയവയുടെ വിലയും പത്തു ശതമാനം വർദ്ധിച്ചു. പഞ്ചസാര വിലയിൽ മാറ്റമില്ല.
മത്സ്യവില കേട്ടാൽ പെടയ്ക്കും
ഇറച്ചി , മത്സ്യവിലയിലാണ് വലിയ വർദ്ധനവ്. നാടൻ മത്തി കിട്ടാനില്ല. വരവ് മത്തി , അയില കിലോ 200 രൂപയായി. കരിമീൻ വലിപ്പമനുസരിച്ച് 500 - 600 രൂപയാണ്. ചെമ്മീൻ 400, നാടൻ മുരശ് വില 280-300, വറ്റ,കാളാഞ്ചി ,മോത ഇനങ്ങൾക്ക് 400 മുതൽ മുകളിലേക്കാണ് വില. നന്മീൻ 800 രൂപ വരെയെത്തി. ഇറച്ചിക്കോഴി വില കിലോയ്ക്ക് 120 രൂപയ്ക്കു മുകളിലെത്തി. കോഴി മുട്ട 5-6 രൂപയും , താറാവിൻ മുട്ട 7-8 രൂപയുമാണ്. ആട്ടിറച്ചി 600 രൂപയും മാട്ടിറച്ചി 320-350 രൂപയുമാണ്.
പച്ചക്കറി വില
എത്തയ്ക്ക : 45
മുരിങ്ങക്ക : 108
തക്കാളി : 56.60
കാരറ്റ് : 40
വെണ്ടയ്ക്ക : 44
പാവയ്ക്ക : 50
അച്ചിങ്ങ : 52
ബീൻസ് : 48
ഇഞ്ചി :100
മുളക് : 56
പലവ്യഞ്ജന വില
അരി : 36-42 വൻപയർ : 70 ചെറുപയർ 75-80 ഉഴുന്നുപരിപ്പ് : 95 മുളക് :138