nuns

കോട്ടയം: ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത നാല് കന്യാസ്ത്രീകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലംമാറ്റി. സമരത്തിന് നേതൃത്വം നൽകിയ അനുപമ,​ ജോസഫൈൻ,​ ആൻസിറ്റ,​ ആൽഫി എന്നിവരെ സ്ഥലം മാറ്റുന്നതായി കാണിച്ച് മിഷണറിസ് ഒഫ് ജീസസ് സുപ്പീരിയർ ജനറൽ സിസ്റ്റർ റെഗിന കടംതോടാണ് കഴിഞ്ഞദിവസം കത്തയച്ചത്. മിഷണറീസ് ഒഫ് ജീസസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണിതെന്നാണ് കരുതുന്നത്.

അനുപമയെ പഞ്ചാബിലെ അമൃത്‌സറിലേക്കും ജോസഫൈനെ ജാർഖണ്ഡിലെ ലാൽമട്ടിയയിലേക്കും ആൻസിറ്റയെ കണ്ണൂർ പരിയാരത്തേക്കും ആൽഫിയെ ബീഹാറിലെ പകർത്തലയിലേക്കുമാണ് മാറ്റിയത്. ഫ്രാങ്കോയ്ക്കെതിരായ കേസ് കോടതിയിലേക്ക്‌ എത്തുന്നതിന് മുന്നോടിയായുള്ള ഇടപെടലുകളാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് ആക്ഷേപം. പരാതി നൽകാനും നിയമനടപടി സ്വീകരിക്കാനും കന്യാസ്ത്രീക്കൊപ്പം തുടക്കം മുതൽ നിലകൊണ്ട സിസ്റ്റർ അനുപമയെ ഫ്രാങ്കോയ്ക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചാബിലേക്കു മാറ്റുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമുണ്ട്. സമരത്തിൽ പങ്കെടുത്ത സിസ്റ്റർ നീന റോസിനെ സ്ഥലം മാറ്റിയിട്ടില്ലെങ്കിലും വൈകാതെ ഉത്തരവിറങ്ങിയേക്കുമെന്ന് കന്യാസ്ത്രീകൾ പറയുന്നു.

'' ഇരയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായുള്ള സ്ഥലംമാറ്റം അംഗീകരിക്കാനാവില്ല. ഫ്രാങ്കോയ്ക്കെതിരെ പ്രതികരിച്ചതിലുള്ള പ്രതികാര നടപടിയാണിത്. ഒപ്പമുള്ള സിസ്റ്റർക്കും ഉടനെ സ്ഥലമാറ്റ ഉത്തരവ് എത്തുമെന്നുറപ്പാണ്.

- കന്യാസ്ത്രീകൾ

(സ്ഥലംമാറ്റ ഉത്തരവ് പലവട്ടം -പേജ് 7)