ചങ്ങനാശ്ശേരി :ദീർഘനാളത്തെ നിയമ കുരുക്കിന് ശേഷം തൃക്കൊടിത്താനം പൊലീസ്‌സ്റ്റേഷന് സ്ഥലം വിജ്ഞാപനമായി. സ്റ്റേഷൻ നിർമ്മാണത്തിന് ഒരുകോടി രൂപ ഉടനെ അനുവദിക്കുമെന്നാണ് സൂചന. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഭരണ സമിതി നാലുവർഷം മുമ്പ് പൊലീസ് സ്റ്റേഷനുവേണ്ടി കൊക്കോട്ടുചിറ കുളത്തിനോട് ചേർന്നുള്ള 15 സെന്റ് പുറമ്പോക്കു നല്കിയിരുന്നു. പഞ്ചായത്തിൽ നിന്നും സ്ഥലം ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുന്നതു സംബന്ധിച്ച നിയമക്കുരുക്കാണ് നടപടി വൈകാൻ കാരണം. കൊക്കോട്ടുചിറയിലെ സ്ഥലം നെൽവയൽ നീർത്തട പരിധിയിലായതിനാൽ കെട്ടിടം നിർമിക്കാനാവില്ലെന്ന് തദ്ദേശസ്ഥാപന പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു. അതിനാലാണ് ആഭ്യന്തര വകുപ്പിന് കൈമാറാൻ താമസിച്ചത്.
ഒടുവിൽ പഞ്ചായത്തും കൃഷിവകുപ്പ് ഡയറക്ടറും നെൽവയൽ നീർത്തട സംരക്ഷണ സമിതിയും പൊലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കുന്നതിനു തടസമില്ലെന്ന് രേഖാമൂലം അറിയിച്ചു.
ഇതോടെ പൊലീസ് വകുപ്പിന് സ്ഥലം കൈമാറിയതായി സർക്കാർ വിജ്ഞാപനം വന്നു. 2006 ഡിസംബർ 18ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണനാണു തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിർഹിച്ചത്. ഒമ്പത് വർഷമായി പരിമിതമായ സൗകര്യങ്ങളോടെയുള്ള വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 17,000 രൂപയാണ് വാടകയിനത്തിൽ ആഭ്യന്തര വകുപ്പ് നല്കുന്നത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ പലതവണ സ്റ്റേഷൻ അധികൃതർക്കു നോട്ടീസ് നല്കിയിരുന്നു. പുതിയ കെട്ടിടം നിർമ്മിച്ച് സ്റ്റേഷന്റെ പ്രവർത്തനം കൊക്കോട്ടുചിറയിലേയ്ക്ക് മാറ്റാമെന്ന നിബന്ധനയിൽ മുന്നോട്ടു നീങ്ങുകയാണ്.
ദുരിതവാരിധി നടുവിൽ
പെരുംതുരുത്തി - തെങ്ങണ ബൈപാസ് റോഡിൽ ഇറക്കത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷൻ അപര്യാപ്തതകളുടെ നടുവിലാണ്. ഒരു സ്റ്റേഷന് അത്യാവശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടില്ല.
മൂവായിരത്തിനടുത്തു കേസുകളാണു കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ തന്നെ കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സ്റ്റേഷൻ കൂടിയാണിത്.പ്രതികളെ പാർപ്പിക്കാനുള്ള സുരക്ഷിതമായ സെല്ലുപോലും സ്റ്റേഷനിലില്ല. നിലവിലുള്ള സെല്ലിൽ തൊണ്ടി സാധനങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. വിവിധ കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നത് സ്റ്റേഷനു സമീപത്തുള്ള ബൈപാസ് റോഡിലാണ്. ഇതും അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. വനിതാ പൊലീസുകാർക്ക് പോലും
വേണ്ടത്ര സൗകര്യങ്ങളില്ല.