കുമരകം: കനാൽ ടൂറിസം പ്രോത്സാഹിപ്പിച്ച് സഞ്ചാരികളെ മുത്തേരിമടയിലേക്ക് ആകർഷിക്കാൻ ബൃഹത് പദ്ധതിയുമായി കുമരകം പഞ്ചായത്ത്. 3.50 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നെഹ്‌റുട്രോഫി ഉൾപ്പടെ നിരവധി വള്ളംകളി മത്സരങ്ങളുടെ പരിശീലന തുഴച്ചിൽ നടക്കുന്നത് മുത്തേരിമടയിലാണ്. പുതിയ കൈവരികൾ, ഇരിപ്പിടങ്ങൾ, ടൈലുകൾ പാകിയ നടപ്പാതകൾ, വഴിവിളക്കുകൾ, കനാലിന് ഇരുവശത്തുമായി പൂന്തോട്ടം എന്നിവയാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട് വൈകുന്നേരങ്ങളിൽ കനാലിന് സമീപത്തു കൂടി സൈക്കിൾ സവാരി നടത്താനും സൗകര്യം ഒരുക്കും.
കുളിർമയേകുന്ന കാഴ്‌ചകൾ
മുത്തേരിമടയിലെത്തുന്നവർക്കായി കുളിർമയേകുന്ന നിരവധി കാഴ്‌ചകളാണ് പ്രകൃതി ഒരുക്കി വച്ചിരിക്കുന്നത്. കുമരകം - തിരുവാർപ്പ് പാടശേഖരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എം.എൻ ബ്ലോക്ക് 1240 ഏക്കറിൽ കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുകയാണ്. പാടശേഖരത്തിന് നടുവിലൂടെയാണ് വി.എം കനാൽ കടന്നു പോകുന്നത്. മുത്തേരിമടക്ക് സമീപത്തായാണ് മെത്രാൻ കായലും, വേമ്പനാട്ട് കായലിന്റെ ഒരു ഭാഗവും കടന്നു പോകുന്നത്.
''പരിശീലനത്തുഴച്ചിൽ കാണുന്നതിനായി വിനോദസഞ്ചാരികളെത്തി തുടങ്ങിയതോടെയാണ് ടൂറിസത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചതിനാൽ ആറ് മാസത്തിനുള്ളിൽ നടപ്പിലാക്കും. ''
എ.പി സലിമോൻ (കുമരകം പഞ്ചായത്ത് പ്രസിഡന്റ്)