കോട്ടയം : സാധാരണക്കാരന് മികച്ച ചികിത്സാ സൗകര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദമാക്കി വരികയാണ്. ഈ മാറ്റം സർക്കാർ ആശുപത്രികളിൽ ദൃശ്യമാണ്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിരുന്നു. 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് ഇത്തവണ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തിരഞ്ഞെടുത്തത്.
ഈ സർക്കാരിന്റെ കാലാവധിയ്ക്ക് മുൻപ് തന്നെ കാൻസർ രജിസ്ട്രി പൂർത്തിയാക്കും. കാൻസറിനെ ഫലപ്രദമായി നേരിടാൻ മികച്ച സംവിധാനങ്ങളൊരുക്കും. കോട്ടയം മെഡിക്കൽ കോളേജ് ആധുനികവത്ക്കരിക്കുന്നതിനായി കിഫ്ബി വഴി 564 കോടിയുടെ ഭരണാനുമതി നൽകിയിരുന്നു. 201 പുതിയ തസ്തികകളാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു. സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി.കെ.സുധീർബാബു മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.എ.റംല ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ.കെ.പി. ജയകുമാർ, മുൻ എം.എൽ.എ. വി.എൻ.വാസവൻ എന്നിവർ പങ്കെടുത്തു.