ഇടത് സിൻഡിക്കേറ്റിനെതിരെ എസ്.എഫ്.ഐ സമരം
കോട്ടയം: സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് എം.ജി സർവകലാശാലയിൽ എം.ഫിൽ വിദ്യാർത്ഥികൾക്കുള്ള ഫെലോഷിപ്പ് നിഷേധിച്ചതിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം തുടങ്ങി. മറ്റെല്ലാ യൂണിവേഴ്സിറ്റികളിലും പണം കൃത്യമായി നൽകുമ്പോഴാണ് എം.ജിയിൽ ഫെലോഷിപ്പ് മുടക്കിയത്. പി.എച്ച്.ഡി വിദ്യാർത്ഥികളുടെ ഫെലോഷിപ്പും കൃത്യമായി വിതരണം ചെയ്യുന്നില്ല. ഇതിനെതിരെ ഒരാഴ്ചയായി നടക്കുന്ന സമരത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പ്രശ്നം പരിഹരിക്കാൻ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ യോഗം ചേർന്നെങ്കിലും ചർച്ച പരാജയപ്പെട്ടു. സിൻഡിക്കേറ്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആക്ഷേപം. ഇടതുപക്ഷ സിൻഡിക്കേറ്റിനെതിരെയുള്ള സമരത്തിൽ എസ്.എഫ്.ഐയും ചേർന്നതോടെ സമരത്തിന് രാഷ്ട്രീയ മുഖവും കൈവന്നു.
സമരത്തിന് കാരണം
2007ലാണ് എം.ഫിൽ വിദ്യാർത്ഥികൾക്ക് സ്കോളർപ്പ് അനുവദിക്കണമെന്ന യു.ജി.സി ഉത്തരവിറക്കിയത്. അയ്യായിരം രൂപയെങ്കിലും സ്കോളർഷിപ്പായി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സമരം തുടങ്ങിയതോടെ രണ്ടായിരം രൂപ അനുവദിക്കാമെന്ന് യൂണിവേഴ്സിറ്റി നിലപാടെടുത്തെങ്കിലും വിദ്യാർത്ഥികൾ അംഗീകരിച്ചില്ല. 2018-19 ബാച്ചിൽ 60 ഓളം എം.ഫിൽ വിദ്യാർത്ഥികളുണ്ട്. 2015-16 മുതലുള്ള പി.എച്ച്.ഡി വിദ്യാർത്ഥികളുടെയാണ് സ്കോളർഷിപ്പ് മുടങ്ങിക്കിടക്കുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എൻട്രൻസ് പാസായ ഭൂരിഭാഗം സ്കോളേഴ്സിനുമുള്ള ഫെലോഷിപ്പും മുടങ്ങി. നൂറോളം പേർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. ഇവർക്ക് 12000 രൂപ വച്ചാണ് സ്കോളർഷിപ്പ് ലഭിക്കേണ്ടത്.
'' പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകി. സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുമ്പോഴും ധൂർത്തിന് കുറവില്ല. സിനിമ പിടിക്കാനും മറ്റും ലക്ഷങ്ങൾ ചെലവാക്കുമ്പോൾ പാവപ്പെട്ട വിദ്യാർത്ഥികളെ സർവകലാശാല മറക്കുന്നു''
ഗോപീ കൃഷ്ണൻ, വിദ്യാർത്ഥി