കോട്ടയം: ചൂട് കൂടിയതോടെ തൊണ്ട നനയ്ക്കാനെത്തുന്നവരുടെ പോക്കറ്റ് കാലിയാക്കുകയാണ് സോഡാ നാരങ്ങാ വെള്ളം. പതിനഞ്ച് രൂപയിൽ നിന്ന് അഞ്ചു രൂപയാണ് കുത്തനെ കൂട്ടിയത്. സാദാ നാരങ്ങാ വെള്ളത്തിനും രണ്ടു രൂപ കൂട്ടി 12 ആക്കി.

ഇനി പച്ചവെള്ളം മതിയെന്നു തീരുമാനിച്ച് മിനറൽ വാട്ടർ വാങ്ങാൻ ചെന്നാൽ അതിനും കൊടുക്കണം ഇരുപത് രൂപ. വ്യാപാരികൾക്ക് എട്ടു രൂപയ്ക്ക് ലഭിക്കുന്ന കുപ്പി വെള്ളമാണ് പന്ത്രണ്ട് രൂപ ലാഭമീടാക്കി 20 രൂപയ്ക്ക് വിൽക്കുന്നത്.

സോഡയ്ക്കും കൊ‌ടുക്കണം ഏഴുരൂപ. 24 എണ്ണം അടങ്ങിയ ഒരു പെട്ടി സോഡ 100 രൂപയ്ക്കാണ് വ്യാപാരികൾക്ക് നൽകുന്നത്. അതായത് ഒരുകുപ്പിക്ക് 4.16 രൂപ. അതാണ് ഏഴു രൂപയ്ക്ക് വിൽക്കുന്നത്. 70 രൂപ വിലയുള്ള ഒരു കിലോ നാരങ്ങാ വാങ്ങിയാൽ 25 മുതൽ 30 എണ്ണം വരെ ലഭിക്കും. ഇതും സോഡായും കൂടി ചേർത്ത് വിൽക്കുമ്പോഴാണ് ഇരുപത് രൂപ ഈടാക്കുന്നത്.