വൈക്കം : കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് നിലച്ച വൈക്കം - തവണക്കടവ് ജങ്കാർ സർവീസ് പുനരാരംഭിക്കാൻ നടപടിയായില്ല.
വൈക്കം നഗരസഭയും പള്ളിപ്പുറം പഞ്ചായത്തും ചേർന്നാണ് ജങ്കാർ സർവീസിനുള്ള കരാർ നൽകുക. കൊച്ചിൻ സർവീസ് എന്ന സ്ഥാപനമാണ് പ്രതിവർഷം 4,80,000 രൂപയ്ക്ക് ജങ്കാർ സർവീസ് നടത്തിയിരുന്നത്. കരാർ കാലാവധി അവസാനിച്ച് പുതിയ കരാർ വയ്ക്കുന്നതിന് ഉപാധിയായി വാഹനങ്ങൾക്ക് നിരക്ക് വർദ്ധന ആവശ്യപ്പെട്ടതാണ് സർവീസ് നിലയ്ക്കാൻ കാരണം. 20 ശതമാനം വർദ്ധനവോടെ 5,76,000 രൂപയ്ക്കാണ് പുതിയ കരാർ വയ്ക്കേണ്ടത്. അതിന് കൊച്ചിൻ സർവീസ് തയ്യാറാണെങ്കിലും സർവീസ് നഷ്ടത്തിലാണെന്നും 30ശതമാനം നിരക്ക് വർദ്ധന ഇല്ലാതെ തുടരാനാവില്ലെന്നുമായിരുന്നു നിലപാട്. 15 ശതമാനം വർദ്ധനവിന് നഗരസഭ അംഗീകാരം നൽകി. നേരെകടവിൽ പാലം നിർമ്മാണം തുടങ്ങിയപ്പോൾ അവിടുത്തെ ജങ്കാർ നിലച്ചതിനാൽ വൈക്കം തവണക്കടവ് റൂട്ടിൽ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായിരുന്നു. നിലവിൽ തണ്ണീർമുക്കം ബണ്ട് വഴിയാണ് ചേർത്തല ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്നത്. ഇത് വൈക്കം - വെച്ചൂർ റോഡിൽ ഗതാഗതത്തിരക്കിനും അപകടസാദ്ധ്യതയ്ക്കും കാരണമാകുന്നു.
നിലവിലെ നിരക്ക്, കരാറുകാർക്ക് ആവശ്യപ്പെടുന്നത്
ലോറി - 300, 390
മിനി ലോറി - 250, 325
കാർ - 50, 65
പിക്ക് അപ്പ് ഓട്ടോറിക്ഷ - 25, 33
ഓട്ടോറിക്ഷ - 23, 30
മോട്ടോർ സൈക്കിൾ - 12, 16
സൈക്കിൾ - 10, 13
യാത്രക്കാർ - 5, 7
നേരിയ വർദ്ധന നടപ്പാക്കും
വൈക്കം നഗരസഭയും പള്ളിപ്പുറം പഞ്ചായത്തും ചേർന്ന് ജങ്കാർ ജോയിന്റ് കമ്മറ്റി ഇന്ന് ചേരും. 20 ശതമാനമെങ്കിലും നിരക്ക് വർദ്ധന അനുവദിക്കാൻ തീരുമാനമെടുത്തേക്കും.
കരാർ പുതുക്കാതെയാണ് കൊച്ചിൻ സർവീസ് നിരക്ക് വർദ്ധനയ്ക്ക് നോട്ടീസ് നൽകിയത്. കരാർ നിലവിലില്ലാതെ ചാർജ്ജ് വർദ്ധന പരിഗണിക്കാൻ കഴിയില്ല. വിഷയം ചർച്ചചെയ്ത് പരിഹരിച്ച് സർവീസ് പുനരാരംഭിക്കും.
പി.ശശിധരൻ (നഗരസഭ ചെയർമാൻ)
എൽ.ഡി.എഫ് ജനങ്ങൾക്ക് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു മുടങ്ങിക്കിടന്ന ജങ്കാർ സർവീസ് പുനരാരംഭിക്കുകയെന്നത്. കൗൺസിൽ അധികാരത്തിലേറി ഉടൻ തന്നെ അത് പാലിച്ചു. ജങ്കാർ സർവീസ് നടക്കരുതെന്ന് ചില കേന്ദ്രങ്ങൾ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അതിനാൽ നഗരസഭ കൂടുതൽ ജാഗ്രത കാണിക്കണം.
അഡ്വ.കെ.പ്രസന്നൻ,(സി.പി.ഐ ടൗൺ ലോക്കൽ സെക്രട്ടറി)