ഇളങ്ങുളം: ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം 20ന് കൊടിയേറി 25ന് സമാപിക്കും. 26ന് മരുതുകാവിൽ ഉത്സവം നടക്കും.
നാളെ രാവിലെ എട്ടിന് കൊടിക്കൂറയും കൊടിക്കയറും കിഴക്കേടത്ത് അനിൽകുമാർ സമർപ്പിക്കും. 9ന് ധർമ്മശാസ്താ നാരായണീയ സമിതിയുടെ നാരായണീയ പാരായണം. 10ന് കളഭാഭിഷേകം. രാത്രി 7.45ന് കൊടിയേറ്റ്, തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ദേവസ്വം സ്‌കൂൾ ആഡിറ്റോറിയത്തിൽ 8.30ന് ഇടമറ്റം അനുലാലിന്റെ നൃത്തസംവിധാനത്തിൽ കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റം.
21ന് രാത്രി ഏഴിന് പുഷ്പാഭിഷേകം. 22ന് രണ്ടിന് രംഗശ്രീ കഥകളിക്ലബ് സമർപ്പിക്കുന്ന പകൽകഥകളി ലവണാസുരവധം. 23ന് രാത്രി 7ന് പനമറ്റം ബി. പ്രമോദിന്റെ സംഗീതസദസ്.
24ന് പള്ളിവേട്ട ഉത്സവം. രാവിലെ 9ന് ശ്രീബലി. 5ന് കാഴ്ചശ്രീബലി, ചിറക്കടവ് വടക്കുംഭാഗം മഹാദേവസംഘത്തിന്റെ വേലകളി. 7.30ന് ആർ.എൽ.വി.ജ്യോതി ലക്ഷ്മിയുടെ ഭരതനാട്യം, സ്വരസുധ കലാക്ഷേത്രത്തിലെ കുട്ടികളുടെ രാഗാമൃതം, തലവടി കൃഷ്ണൻകുട്ടിയുടെ സംഗീതസദസ്. പുലർച്ചെ ഒന്നിന് പള്ളിവേട്ട എഴുന്നള്ളത്ത്.
25ന് ആറാട്ട് ഉത്സവം. രാവിലെ 10.15 മുതൽ മഹാപ്രസാദമൂട്ട്. തിരുവരങ്ങിൽ ആനന്ദ്‌രാജ്, അഞ്ജുരാജ് എന്നിവരുടെ വയലിൻഫ്യൂഷൻ. മൂന്നിന് കൊടിയിറക്ക്. തുടർന്ന് വെള്ളാങ്കാവ് തീർത്ഥകടവിലേക്ക് ആറാട്ടിനു പുറപ്പെടൽ. ക്ഷേത്രസന്നിധിയിൽ ഏഴിന് ആറാട്ടെതിരേൽപ്പ്.
26ന് ഉപദേവാലയമായ മരുതുകാവിൽ ഉത്സവം. വൈകിട്ട് 6.30ന് കളമെഴുത്തുംപാട്ടും. ഏഴിന് കരോക്കെ ഗാനമേള, ഒൻപതിന് വണികവൈശ്യസംഘം ഇളങ്ങുളം 78ാം നമ്പർ ശാഖയുടെ കുംഭ കുടനൃത്തം, താലപ്പൊലി.