വിജയപുരം :വടവാതൂരിന്റെ കുപ്പത്തൊട്ടിയായി മാലിന്യം നിറഞ്ഞ് കിടന്ന ശാസ്‌താംകടവ് ഇപ്പോൾ വിനോദ സഞ്ചാരികളുടെ ഇഷ്‌ടയിടമായി മാറി. പച്ചപരവതാനി വിരിച്ച കൈതയിൽക്കെട്ട് പാടശേഖരവും മീനന്തറയാറും ചെറുകെട്ടുവള്ളങ്ങളും അലങ്കാര മത്സ്യങ്ങളും, എല്ലാത്തിനുമുപരി നട്ടുച്ചയ്ക്ക് വീശുന്ന ഇളം കാറ്റുമെല്ലാം സഞ്ചാരികളെ ശാസ്‌താംകടവിനോടടുപ്പിക്കുകയാണ്. ഈ സൗന്ദര്യം തുളുമ്പുന്ന ഗ്രാമീണതയ്ക്ക് നാട്ടുകാർ ഇട്ടിരിക്കുന്ന പേരാണ് തണലോരം.

കോട്ടയം എം.സി റോഡിലെത്തി ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താനുള്ള എളുപ്പ മാർഗമായതിനാൽ ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുവഴി പോകുന്നത്. സമീപത്തായി വടവാതൂർ ഇ.എസ്.ഐ ആശുപത്രി, സ്‌നേഹക്കൂട് അഭയമന്ദിരം, വിജയപുരം പഞ്ചായത്ത് എന്നിവയും സ്ഥിതി ചെയ്യുന്നു. മീനച്ചിലാറിന്റെ കൈവരിയായ നിരവധി തോടുകളും ആമ്പൽക്കുളങ്ങളും തണലോരത്തിന്റെ മാറ്റ് കൂട്ടുന്നു. വിജയപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌പോൺസർഷിപ്പിന്റെ സഹായത്തോടെ സഞ്ചാരികൾക്കായി ഇവിടെ നിരവധി ഇരിപ്പിടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മണ‌ർകാട് സെന്റ് മേരീസ് സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇരു വശങ്ങളിലും പൂന്തോട്ടവും നട്ടുപിടിപ്പിച്ചു കഴിഞ്ഞു. തണലോരത്ത് എത്തുന്ന ആളുകൾക്കായി ലഘുഭക്ഷണശാലയും തയാറാണ്. മീനന്തറയാറിന് സമീപത്തായി ചൂണ്ടയിടുന്നതിനും മറ്റുമായും നിരവധി ആളുകൾ എത്തുന്നുണ്ട്. നിറയെ മത്സ്യസമ്പത്ത് നിറഞ്ഞ ശാസ്താംകടവിലെ കൈതക്കെട്ട് തോട്ടിൽ മത്സ്യക്കൃഷിയും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വിജയപുരം പഞ്ചായത്തിലെ അഞ്ചാം വാർഡായ ശാസ്‌താംകടവിൽ എത്താൻ കോട്ടയം നഗരത്തിൽ നിന്നും 5 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മതി.

 ശനിദശ മാറ്റിയത് മോസ്‌കോ ബണ്ട് റോഡ്

മാലിന്യം നിറഞ്ഞ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ ശാസ്‌താംകടവ് മോസ്‌കോ ബണ്ട് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയതോടെയാണ് അടിമുടി മാറിയത്. പൊതുമരമാത്ത് വകുപ്പ് 11.50 കോടി ചെലവഴിച്ച് മൂന്ന് കിലോമീറ്ററിൽ ടയിൽ പാകിയാണ് ആധുനിക നിലവാരത്തിൽ റോഡ് നിർമ്മിച്ചത്.

 ശാസ്‌താംകടവിൽ അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദ സഞ്ചാരികൾക്കായി പെഡൽ ബോട്ട് സംവിധാനം, കൂടുതൽ ഇരിപ്പിടങ്ങൾ, നാടൻ ഭക്ഷണ ശാല,ചെറിയ പാർക്ക് തുടങ്ങിയവ സ‌ജ്ജീകരിക്കാനാണ് തീരുമാനം. ഒരു കാലത്ത് ആലപ്പുഴയിലേക്കുള്ള നിരവധി കെട്ടുവള്ളങ്ങൾ വന്നുപോയിരുന്നത് ശാസ്താംകടവിൽ നിന്നാണ്. പാറമ്പുഴയെയും വടവാതൂരിനെയും ബന്ധിപ്പിക്കുന്ന കടത്തും രാജഭരണകാലത്ത്
മീനന്തറയാറ്റിൽ വള്ളം കളിയും നടന്നിരുന്നു എന്നാണ് കേട്ടിരിക്കുന്നത് ''
വി.ടി സോമൻകുട്ടി (വിജയപുരം പഞ്ചായത്ത് അംഗം )