bishop-franco
bishop franco

കോട്ടയം: ലൈംഗികാരോപണ കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം ചെയ്തതിന്റെ പേരിൽ

ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് മുഖ്യമന്ത്രിക്ക് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ കത്ത്. ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കൊപ്പം മഠത്തിൽ താമസിക്കുന്ന നാലു കന്യാസ്ത്രീകളെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ്, ഇവരും പരാതിക്കാരിയും മുഖ്യമന്ത്രിക്കു കത്തയച്ചത്.

ഇരയായ കന്യാസ്ത്രീയും മറ്റു നാലുപേരും പ്രത്യേകമായി അയച്ച കത്തിന്റെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും അയച്ചിട്ടുണ്ട്. ഇരയ്ക്കൊപ്പം നിന്ന തങ്ങളെ സ്ഥലംമാറ്റി കേസിന്റെ വിചാരണ ദുർബലപ്പെടുത്താനാണ് ശ്രമമെന്നും, വിചാരണ പൂർത്തിയാകുംവരെ കുറവിലങ്ങാട് മഠത്തിൽത്തന്നെ കഴിയാൻ സാഹചര്യം ഒരുക്കണമെന്നും കന്യാസ്ത്രീകൾ കത്തിൽ ആവശ്യപ്പെടുന്നു.

"ഞങ്ങളുടെ ജീവന് ഭീഷണിയുണ്ട്. അടുത്തിടെയുണ്ടായ കാര്യങ്ങൾ അത്ര സുരക്ഷിതമല്ല. എല്ലാ അർത്ഥത്തിലും ശക്തനായ ഫ്രാങ്കോ കേസ് അട്ടിമറിക്കാനും രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നത്. ബിഷപ്പിന്റെ താളത്തിനൊത്തു തുള്ളുന്ന സുപ്പീരിയർ സിസ്റ്ററാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. സമ്മർദ്ദത്തിലാക്കി സമാധാനപരമായി ജീവിക്കാൻ അനുവദിക്കാതിരിക്കുകയാണ് സ്ഥലംമാറ്റത്തിന്റെ ലക്ഷ്യം. ഇപ്പോൾ കുറവിലങ്ങാട് മഠത്തിൽ അത്യാവശ്യ സൗകര്യം പോലും ലഭിക്കുന്നില്ല. ഒപ്പമുള്ള കന്യാസ്ത്രീകളെ ദൂരസ്ഥലങ്ങളിലേക്കു മാറ്റി തന്നെ ഒറ്റപ്പെടുത്തി തളർത്താനാണ് ശ്രമം." ഇരയായ കന്യാസ്ത്രീയുടെ കത്തിൽ പറയുന്നു.

മുളയ്ക്കലിന് എതിരായ സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റർ ആൻസിറ്റയെ കണ്ണൂരിലേക്കും സ്ഥലം മാറ്റിയപ്പോൾ, സിസ്റ്റർ ആൽഫിക്ക് ബീഹാറിലേക്കും സിസ്റ്റർ ജോസഫൈന് ജാർഖണ്ഡിലേക്കുമായിരുന്നു സ്ഥലംമാറ്റം.