rape-murder
RAPE MURDER

കോട്ടയം: പ്രണയം നടിച്ച് വശത്താക്കിയ പതിനഞ്ചുകാരിയെ കഴുത്തിൽ ഷാൾ മുറുക്കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വാഴത്തോപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അയ‌ർക്കുന്നം മാലം ചേലക്കുന്നേൽ അജേഷ് (31) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച കാണാതായ അയർക്കുന്നം സ്വദേശിനിയായ പെൺകുട്ടിയുടെ മൃതദേഹം, പ്രതി ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഹോളോബ്രിക്സ് സ്ഥാപനത്തോടു ചേർന്ന വാഴത്തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ കുറ്റം സമ്മതിക്കുകയും, മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചു കൊടുക്കുകയുമായിരുന്നു. അയർക്കുന്നം ഒറവയ്ക്കൽ ചെന്നിക്കരയിലെ ഹോളോബ്രിക്‌സ് കമ്പനിയിലെ ലോറി ‌ ‌‌ഡ്രൈവർ ആണ് പ്രതി അജേഷ്.

വ്യാഴാഴ്ച പകൽ പെൺകുട്ടിയെ മറ്റാരുമറിയാതെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം അനുനയിപ്പിച്ച് ലോറിയിൽ കയറ്റി താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി. മുറിയിൽ വച്ച് ബലം പ്രയോഗിച്ച് വിവസ്ത്രയാക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു. തുടർന്ന്, പെൺകുട്ടി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ കഴുത്തിൽ ചുറ്റി മുറുക്കി. ബോധരഹിതയായി വീണ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി.

പീഡനത്തിനു ശേഷം വീണ്ടും കഴുത്തിൽ ഷാൾ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തി. രാത്രിയിൽ മറ്റു മുറികളിലെ തൊഴിലാളികൾ എത്തുന്നതുവരെ മൃതദേഹം സ്വന്തം മുറിയിൽ ഒളിപ്പിച്ചു. എല്ലാവരും ഉറക്കമായപ്പോൾ മൃതദേഹം വഴിച്ചിഴച്ച് വാഴത്തോട്ടത്തിലെത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു എന്നും പ്രതി സമ്മതിച്ചു. പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ചുരിദാർ ഷാളും പെൺകുട്ടിയുടെ ചെരിപ്പും വാഴത്തോട്ടത്തിൽ നിന്നുതന്നെ പൊലീസ് കണ്ടെടുത്തു.

സംഭവത്തെക്കുറിച്ച് അയ‌ർക്കുന്നം പൊലീസ് നൽകുന്ന വിവരം: പതിനഞ്ചുകാരിയെ കഴിഞ്ഞ വ്യാഴാഴ്ച കാണാതായെന്ന് ബന്ധുക്കൾ പിറ്റേന്ന് പരാതി നൽകിയിരുന്നു. അന്വേഷണം തുടരുന്നതിനിടയിൽ പെൺകുട്ടിക്ക് അജേഷുമായി അടുത്ത പരിചയമുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരിൽ ചിലരും വിവരം നൽകി. പെൺകുട്ടിയുടെ അച്ഛനുമായി പരിചയമുണ്ടായിരുന്ന പ്രതി ഇടയ്ക്ക് വീട്ടിലെത്തി ഒരുമിച്ച് മദ്യപിക്കുമായിരുന്നു. ഇങ്ങനെയാണ് ഒൻപതാം ക്ളാസിൽ പഠനം നിറുത്തിയ പെൺകുട്ടയുമായി അടുത്തു പരിചയപ്പെട്ടത്.

പരിചയം മൊബൈൽ ഫോൺ വഴി പ്രണയമായി വളർന്നു. സംശയം തോന്നി ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിനിടെ ഫോൺ കാൾലിസ്റ്റ് പരിശോധിച്ചപ്പോൾ ഇരുവരും തമ്മിൽ ദിവസവും ദീർഘനേരം സംസാരിച്ചിരുന്നതായി തെളിഞ്ഞു. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് തുടക്കത്തിൽ ആവർത്തിച്ചെങ്കിലും ചോദ്യംചെയ്യലിൽ പിടിച്ചുനില്ക്കാനാവാതെ ഒടുവിൽ ഇയാൾ തന്നെ കൃത്യം വെളിപ്പെടുത്തുകയായിരുന്നു. ലൈംഗികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിത്തന്നെയാണ് പ്രതി പെൺകുട്ടിയെ സ്വന്തം താമസസ്ഥലത്തേക്ക് കൊണ്ടുപോയത്. പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നതുകൊണ്ട് ചെറുത്തുനില്ക്കുമെന്ന് കരുതിയില്ല.

പ്രതി രണ്ടു വിവാഹം കഴിച്ചയാളാണെങ്കിലും നിലവിൽ ഭാര്യമാരാരും ഒപ്പമില്ല.