കോട്ടയം : ഉറക്കമിളച്ച് വിഷ്ണു വിനോദ് നേടിയത് സി.ബി.എസ്.ഇ ജെ.ഇ.ഇ പരീക്ഷയിൽ കേരളത്തിലെ ടോപ്പ് സ്‌കോറർ ബഹുമതി. നൂറിൽ 99.9990801 എന്ന മാർക്ക് നേടിയാണ് വിഷ്ണു ഈ നേട്ടം കൈവരിച്ചത്.
മക്കൾക്ക് മികച്ച വിദ്യാഭ്യാസം കിട്ടണമെന്ന ലക്ഷ്യത്തോടെയാണ് ഏലം കർഷകനായിരുന്ന വിഷ്‌ണുവിന്റെ പിതാവ് അണക്കര ശങ്കരമംഗലം വിനോദ് കുമാർ ഇടുക്കി ജില്ലയുടെ പരിമിതികളിൽ നിന്ന് കുടുംബസമേതം കോട്ടയത്തേക്ക് താമസം മാറ്റിയത്. പ്ലസ് വണ്ണിന് വിഷ്ണുവിനെ മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർത്തു. അവിടെത്തന്നെ പാലാ ബ്രില്യന്റ് അക്കാഡമിയുടെ റസിഡൻഷ്യൽ പ്രോഗ്രാമിലും ചേർന്നു. ദിവസവും 12 മണിക്കൂറാണ് പഠനത്തിനായി ചെലവിട്ടത്. ചിട്ടയായ പരിശീലനവും കഠിനാദ്ധ്വാനവും മാതാപിതാക്കളുടെ പിന്തുണയും ഒത്തുചേർന്നപ്പോൾ വിഷ്ണു സുവർണ നേട്ടം സ്വന്തമാക്കി.
മകന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പിതാവ് വിനോദ് കുമാർ പറഞ്ഞു.അമ്മ ചാന്ദ്‌നിയും മകന്റെ പഠനത്തിന് സഹായിയായി. കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരൻ വിശ്വനാഥും ചേട്ടന്റെ വിജയത്തിൽ ആഹ്ലാദത്തിലാണ്. ഐ.ഐ.ടിയിൽ ചേർന്ന് കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് ആഗ്രഹമെന്ന് വിഷ്‌ണു പറഞ്ഞു. കഴിഞ്ഞ വർഷം കേന്ദ്ര ശാസ്‌ത്ര സാഹിത്യ മന്ത്രാലയം നടത്തിയ സ്‌കോളർഷിപ്പ് പരീക്ഷയിലും വിഷ്‌ണു വിജയിച്ചിരുന്നു.