കോട്ടയം: നാഗമ്പടം മഹാദേവ ക്ഷേത്രോത്സവം ആറാട്ടോടെ സമാപിച്ചു. ആറാട്ട് ദിവസം ആദ്യമായി നടത്തിയ ലക്ഷദീപങ്ങളാൽ ക്ഷേത്രവും പരിസര പ്രദേശങ്ങളും ദീപപ്രഭയിൽ മുങ്ങി. എം.സി റോഡിൽ ക്ഷേത്രഗോപുര കവാടത്തിനു മുന്നിൽ നിന്നു തുടങ്ങിയ ദീപപ്രഭ സമീപ റോഡുകളും മണപ്പുറവും കടന്നു മീനച്ചിലാറിന്റെ തീരം വരെ നീണ്ടു. ആയിരങ്ങളാണ് തിരിതെളിയ്ക്കാൻ എത്തിയത്. ലക്ഷാർച്ചനയ്ക്ക് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഡോ.പി.ആർ.സോന, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, ഡോ.കല പ്രമോദ് എന്നിവർ പങ്കെടുത്തു. ആറാട്ട് എഴുന്നള്ളിപ്പിൽ ഗജരാജൻ കിരൺ ഗണപതി തിടമ്പേറ്റി. തുടർന്ന് ആറാട്ട് സദ്യയും നടന്നു. രാത്രി 9.30 ന് കൊടിയിറക്കി. കൺവെൻഷൻ പന്തലിൽ ഓച്ചിറ സരിഗയുടെ '' രാമേട്ടൻ '' നാടകവും അരങ്ങേറി.