pcod

കോട്ടയം: യുവതികളിൽ വന്ധ്യതക്ക് കാരണമാകുന്ന പി.സി.ഒ.ഡി (പോളിസിസ്റ്റിക്ക് ഓവറി ഡിസീസ് ).വർദ്ധിക്കുന്നു. കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഹോമിയോ - അലോപ്പതി - ആയുർവേദ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയ അറുപത് ശതമാനം സ്‌ത്രീകളിലും പി.സി.ഒ.ഡി സ്ഥിരീകരിച്ചതായി ഡോ‌ക്‌ടർമാർ പറയുന്നു.

ജങ്ക് ഫുഡ് ഉപയോഗം, തെറ്റായ ജീവിത ശൈലി, അമിത വണ്ണം ,കൊഴുപ്പ് എന്നീ കാരണങ്ങളാൽ അണ്ഡോത്‌പാദനം നടക്കാതിരിക്കുകയും പൂർണ വളർച്ചയെത്താത്ത അണ്ഡങ്ങൾ കുമിളകളായി ഗർഭാശയത്തിൽ അവശേഷിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ക്രമംതെറ്റിയ ആർത്തവം, കഴുത്തിന് പിന്നിലെ കറുപ്പ്,അമിത രോമവളർച്ച, വന്ധ്യത , താരൻ, മുടികൊഴിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

pcod

വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പി.സി.ഒ.ഡി കാരണം കുഞ്ഞുങ്ങളുണ്ടാകാത്തവരുണ്ടെന്നും, കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഗർഭാശയ കാൻസറിന് വരെ ഇത് കാരണമായേക്കാമെന്നും ആരോഗ്യവിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പി.സി.ഒ.ഡിയുള്ളവർ നേരിടാൻ സാദ്ധ്യതയുള്ള പ്രധാന പ്രശ്‌നമാണ് വന്ധ്യത. പലപ്പോഴും കുട്ടികളുണ്ടാകാതെ വരുമ്പോൾ നടത്തുന്ന പരിശോധനകളിലാണ് വന്ധ്യതക്ക് കാരണമായ പി.സി.ഒ.ഡി കണ്ടെത്തുക.ചിലരിൽ ഗർഭച്ഛിദ്രത്തിനും ഈ അസുഖം കാരണമാകാം.

-pcod

പി.സി.ഒ.ഡി (പോളിസിസ്‌റ്റിക്ക് ഓവറി ഡിസീസ് )

തെറ്റായ ജീവിതശൈലിയിലൂടെ അണ്ഡോത്‌പാദനം നടക്കാതിരിക്കുകയും, അണ്ഡാശയങ്ങളിൽ (ഓവറികളിൽ) നിരവധി കുമിളകൾ (സിസ്റ്റുകൾ) കാണപ്പെടുകയും ചെയ്യുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി ഡിസീസ് (പി.സി.ഒ.ഡി). രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ സ്‌കാനിംഗിലൂടെ രോഗ നിർണയം നടത്തണം. കൃത്യമായി പ്രമേഹ പരിശോധനയും നടത്തണം. പി.സി.ഒ.ഡി ചികിത്സ നടത്തുന്നവർക്ക് പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലാണ്.

എങ്ങനെ നിയന്ത്രിക്കും ഡോക്‌ടർമാർ പറയുന്നു

''ഫാസ്റ്റ് ഫുഡ് നിയന്ത്രിച്ച് കൃത്യമായി വ്യായാമം ചെയ്യാതെ പി.സി.ഒ.ഡി നിയന്ത്രിക്കാൻ കഴിയില്ല. പി.സി.ഒ.ഡി ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം മുൻ വർഷത്തെക്കാൾ ഗണ്യമായി വർദ്ധിച്ചു. ''

ഡോ.ആശാ റാണി (ഗൈനക്കോളജിസ്റ്റ്, ജില്ലാ ആശുപത്രി കോട്ടയം)

'' ദിവസം നാല് പി.സി.ഒ.ഡി കേസുകളെങ്കിലും ആയുർവേദ ആശുപത്രിയിലെത്താറുണ്ട്.വിറ്റാമിൻ ഡി കുറയുന്നത് ഇതിനൊരു കാരണമാണ്. ഇതിനായി വെയിലു കൊള്ളണം. ശരീരത്തിലെ അമിത കൊഴുപ്പ് നിയന്ത്രിക്കാനുള്ള മരുന്നാണ് ഈ അസുഖത്തിന് പ്രധാനമായും നൽകുന്നത്. ''

ഡോ.ആർ.വി അജിത് (ചീഫ് മെഡിക്കൽ ഓഫീസർ, ജില്ലാ ആയുർവേദ ആശുപത്രി)

''ഹോമിയോപ്പതിയിൽ വന്ധ്യതക്ക് ചികിത്സ തേടിയെത്തുന്ന 40 ശതമാനം സ്‌ത്രീകളിലും പി.സി.ഒ.ഡി കണ്ടെത്തുന്നു. തെറ്റായ ജീവിതശൈലി മാറ്റണം , മരുന്നിനാപ്പം കൃത്യമായ ഡയറ്റ് ചാർട്ട് നൽകിയാണ് ഹോമിയോപ്പതിയിലെ ചികിത്സ''

ഡോ.ജോബി (ഗവ.കുറിച്ചി ഹോമിയോ ആശുപത്രി)