കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് സമുച്ചയത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 9.30ന് ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിക്കും. എം.എൽ.എ.യുടെ നിയോജകമണ്ഡല ആസ്തി വികസനഫണ്ടിൽ നിന്ന് അനുവദിച്ച 1 കോടി 40 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. ടൗൺ ഹാളിന് സമീപത്തായി 5 കോടി 70 ലക്ഷം രൂപ ചെലവിൽ രണ്ട് നിലകളിലായി 21272 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു ഘട്ടങ്ങളിലായാണ് നിർമ്മാണം. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. കോൺഫറൻസ് ഹാളുകൾ, മിനി ഓഡിറ്റോറിയം, ഓഫീസ് ക്യൂബിക്കിളുകൾ, മീഡിയ കോൺഫറൻസ് സൗകര്യം എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിർദ്ദിഷ്ട കെട്ടിടത്തിന് സമീപമുള്ള ചിറ്റാർ പുഴയുടെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്ന ജോലികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അദ്ധ്യക്ഷയാകും. ജില്ലാപഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ.ഷമീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.