കോട്ടയം: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് റോഡരികിലെ കുഴിയിലേയ്‌ക്ക് മറിഞ്ഞ് അയ്യപ്പൻമാരടക്കം 35 പേർക്ക് പരിക്കേറ്റു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ മടങ്ങിയ പൊലീസുകാരൻ അടക്കം അഞ്ചു പേർക്ക് സാരമായി പരിക്കേറ്റു.

ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ മണർകാട് എരുമപ്പെട്ടിയിലായിരുന്നു അപകടം. പമ്പയിൽ നിന്നും എറണാകുളത്തിനു പോവുകയായിരുന്ന നോൺ എ.സി വോൾവോ ബസാണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. റോഡിൽ നിന്നും തെന്നിമാറിയ ബസ് പതിനഞ്ച് അടിയോളം താഴ്‌ചയിലേയ്‌ക്കാണ് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലേയ്‌ക്ക് മാറ്റിയത്. തീർത്ഥാടകരെല്ലാവരും ഉറക്കത്തിലായിരുന്നതിനാൽ തലയ്‌ക്കും കൈകാലുകൾക്കുമാണ് പരിക്കേറ്റത്.അപകടവിവരമറിഞ്ഞ് മണർകാട്, പാമ്പാടി പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു.

പശ്ചിമ ബംഗാൾ,ആന്ധ്ര സ്വദേശികളാണ് പരിക്കേറ്റവരിലേറെയും. നോർത്ത് പറവൂർ സ്വദേശികളായ രഞ്ജിത്ത് (31), രാജേഷ്‌കുമാർ (35), പുത്തൻവേലിക്കര സ്വദേശിയായ പൊലീസുകാരൻ സ്‌മിജേഷ് (28) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി സി.ഐ യു.ശ്രീജിത്ത്, എസ്.ഐ ജി.വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മണർകാട് പൊലീസ് കേസെടുത്തു.