കോട്ടയം: ചിന്നക്കനാൽ റിസോർട്ടിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരു മാദ്ധ്യമത്തിന് ചോർത്തി നൽകിയ അഞ്ചു പൊലീസുകാർക്ക് സസ്പെൻഷൻ. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളും എ.എസ്.ഐമാരുമായ ഉലഹന്നാൻ, സജി എം. പോൾ, ഡ്രൈവർ അനീഷ്, സി.പി.ഒ ഓമനക്കുട്ടൻ, സഹായത്തിനായി മധുരയ്ക്ക് ഒപ്പം പോയ ശാന്തൻപാറ സ്റ്റേഷനിലെ ഡ്രൈവർ രമേശ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ സസ്പെൻഡ് ചെയ്തത്. രാജാക്കാട് എസ്.ഐ പി.ഡി. അനൂപ്മോനെതിരെ നടപടിക്ക് ശുപാർശ ചെയ്തു.

കേസിലെ മുഖ്യപ്രതിയായ ബോബിനെ അറസ്റ്റ് ചെയ്ത വിവരം അന്വേഷണ ഉദ്യോഗസ്ഥനായ

ശാന്തൻപാറ സി.ഐയും മൂന്നാർ ഡിവൈ.എസ്.പിയെയും അറിയിക്കാതെ വാട്സ് ആപ്പിൽ ഒരു പത്രത്തിന് നല്കുകയായിരുന്നു. പിടികൂടിയ ഉടനെ വിലങ്ങ് വച്ചുള്ള ഫോട്ടോയും വാട്സ് ആപ്പിലൂടെ പത്രത്തിന് നല്കി. ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ബോബിനെ മധുരയിൽ നിന്നാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽപ്പെട്ടവരാണ് സസ്പെൻഷനിലായത്.

പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ പോലും വിവരം അറിഞ്ഞിരുന്നില്ല. അതിനുമുമ്പേ പത്രത്തിൽ വാർത്ത് വന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ ജില്ലാ പൊലീസ് മേധാവി മൂന്നാർ ഡിവൈ.എസ്.പിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ റിപ്പോർട്ടിന്മേലാണ് നടപടി.

ഔദ്യോഗിക രഹസ്യം ചോർത്തൽ, അച്ചടക്കലംഘനം, പദവിക്കു ചേരാത്ത പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.