കോട്ടയം: തിരുവനന്തപുരത്ത് ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമം സവർണ സംഗമമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സംഗമത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് മഹാഭാഗ്യമായി കരുതുന്നെന്നും അദ്ദേഹം പറഞ്ഞു.
'' ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആത്മീയതയുടെ മറവിൽ രാഷ്ട്രീയം കളിക്കുന്നതിനെ ഹിന്ദുക്കളുടെ കൂട്ടായ്മയെന്ന് പറയാനാകുമോ? ശബരിമല രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. ഇത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പറയാനാവില്ല. സവർണ വിഭാഗങ്ങളുടെ ഐക്യമാണ് തിരുവനന്തപുരത്ത് കണ്ടത്. അതിനിടയിൽ നാമമാത്രമായ ചിലരെ പ്രതിഷ്ഠിച്ചു. ഭൂരിപക്ഷ സമുദായത്തെ കണ്ടില്ല. അങ്ങനെയെങ്കിൽ പട്ടികജാതി വിഭാഗങ്ങൾ അടക്കമുള്ള പിന്നാക്കക്കാർ അവിടെ ഉണ്ടായേനെ. മാതാ അമൃതാനന്ദമയി എത്തുന്നതിനാൽ വരണമെന്ന് എന്നോട് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ ശ്രമിക്കാമെന്നായിരുന്നു എന്റെ മറുപടി. എന്നെയും ഭാര്യയെയും പങ്കെടുപ്പിക്കാൻ പരമാവധി ശ്രമമുണ്ടായി. ഭാഗ്യവശാൽ ഞങ്ങൾക്ക് രണ്ടുപേർക്കും വിവിധ പരിപാടികളുണ്ടായിരുന്നു. അതൊരു കെണിയായിരുന്നെന്ന് പിന്നീടാണ് അറിഞ്ഞത്. പങ്കെടുത്തിരുന്നെങ്കിൽ ഞാൻ സ്വീകരിക്കുന്ന നിലപാടിന് എതിരാകുമായിരുന്നു. വനിതാ മതിൽ ഗംഭീരവിജയമായിരുന്നെങ്കിലും പിറ്റേന്ന് രണ്ടു യുവതികളെ ശബരിമലയിൽ കയറ്റിയത് ശരിയായില്ല. മുഖ്യമന്ത്രിയുടെ ഉപദേശകർ പറയുന്നത് നടപ്പാക്കുംമുമ്പ് ഒന്ന് വെരിഫൈ ചെയ്യുന്നത് നല്ലതാണ് '' അദ്ദേഹം പറഞ്ഞു.