പാലാ: സ്വകാര്യ ബസിൽ കെ.എസ്.ആർ.ടി.സി ബസ് ഉരസിയെന്നാരോപിച്ച് സ്വകാര്യ ബസ് ജീവനക്കാരന്റെ ശകാരവർഷം. തിങ്കളാഴ്ച രാവിലെ 10 നാണ് സംഭവം. പാലാ കെ. എസ്. ആർ. ടി. സി സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെത്തിയ സ്വകാര്യ ബസ് ജീവനക്കാരൻ താൻ ഓറഞ്ച് ബസിലെ ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം ഓഫീസിൽ ഉണ്ടായിരുന്ന ഇൻസ്‌പെക്ടർ അജിത്തിനെ അസഭ്യം പറയുകയായിരുന്നു.

ഉരസിയ ബസിന്റെ നമ്പർ പറഞ്ഞാൽ അന്വേഷിക്കാമെന്ന് പറഞ്ഞ അദ്ദേഹത്തെ ശകാരിച്ചു കൊണ്ട് ഓഫീസിൽ കയറിയ യുവാവ് ഇൻസ്‌പെക്ടറെ കയ്യേറ്റം ചെയ്തു .ഇതിനിടെ മറ്റ് ജീവനക്കാരും സെക്യൂരിറ്റി സ്റ്റാഫും വരുന്നത് കണ്ട യുവാവ് ഓടി രക്ഷപെട്ടു.സംഭവത്തിനിടെ നിലത്ത് വീണ ഇൻസ്‌പെക്ടർ അജിത്തിനെ ജീവനക്കാർ പാലാ ഗവ.ആശുപത്രിയിലെത്തിച്ചു. ഉരസിയതല്ല മറിച്ച് സ്വകാര്യ ബസിന് മുന്നിലൂടെ കെ.എസ്.ആർ.ടി.സി ആളെടുത്ത് ഓടിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് യാത്രക്കാരും ജീവനക്കാരും പറയുന്നത്. സംഭവത്തിൽ ഡിപ്പോ അധികാരികൾ പാലാ പൊലീസിൽ പരാതി നൽകി. അയർക്കുന്നം ,വൈക്കം റൂട്ടിൽ സ്വകാര്യ ബസുകൾ തോന്നും പടി സർവീസ് നടത്തുന്നതും കെ.എസ്.ആർ.ടി.സി ബസുകളെ കടത്തിവിടാതെ നടുക്ക് നിറുത്തി ആളെടുത്ത് പോകുന്നതും പതിവാണ് .