പാലാ: പള്ളിപ്പെരുന്നാളിന് കാവടിയാട്ടമോ? ഇതെന്ത് ചോദ്യമെന്ന് അമ്പരക്കാൻ വരട്ട.പാലാ രൂപതയിലെ ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിലെ തിരുനാൾ പ്രദക്ഷിണത്തിലാണ് ഇന്നലെ കാവടി പ്രത്യക്ഷപ്പെട്ടത്. ഒന്നല്ല, മൂന്നു സെറ്റുകാവടികൾ.
വൈകിട്ട് പള്ളി മൈതാനിയിൽ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ശിങ്കാരി മേളത്തിന്റെ അകമ്പടയോടെയാണ് കാവടിയാടിയത്. സാധാരണയായി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന കാവടികളുടെ മേൽത്തട്ടിൽ രൂപഭേദങ്ങൾ വരുത്തിയാണ് പള്ളിയിൽ പ്രദക്ഷിണത്തിന് എത്തിച്ചത്. കാവടികളിലെ ക്ഷേത്ര ബിംബങ്ങൾക്ക് പകരം കുരിശു രൂപമാണ് ഘടിപ്പിച്ചിരുന്നത്.
വിശ്വാസികൾക്കൊപ്പം പ്രദക്ഷിണം കാണാൻ തടിച്ചുകൂടിയ നാനാജാതി മതസ്ഥർക്കും കാവടിയാട്ടം ആശ്ചര്യമായി . പ്രാർത്ഥനാ സ്‌തോത്രങ്ങളോടെ വിശ്വാസികൾ അണിചേർന്ന ഭക്തി നിർഭരമായ പ്രദക്ഷിണത്തിലും കാവടികൾ അകമ്പടി സേവിച്ചു. നിലക്കാവടികളിൽ വിവിധ നിറങ്ങളിലുള്ള എൽ.ഇ.ഡി. ബൾബുകൾ ഘടിപ്പിച്ച് മനോഹരമാക്കിയിരുന്നു.'ജനശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റാൻ കാവടിയാട്ടത്തിന് കഴിഞ്ഞു. പ്രദക്ഷിണത്തിന് കാവടികൾ ഏർപ്പെടുത്തിയതിൽ എല്ലാവരും നല്ല അഭിപ്രായമാണു പറഞ്ഞതെന്ന് ഏഴാച്ചേരി സെന്റ് ജോൺസ് പള്ളി വികാരി ഫാ.പോൾ നടുവലേടം പറഞ്ഞു.
എല്ലാവർക്കും കാവടി ഹരമായതിനാൽ അടുത്ത വർഷം അഞ്ചുസെറ്റ് കാവടികളെങ്കിലും ഉൾപ്പെടുത്താനാണ് തീരുമാനം.ഏതായാലും പള്ളിപ്പെരുന്നാൾ പ്രദക്ഷിണത്തിലെ കാവടിയാട്ടം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.