കോട്ടയം: റെയിൽ വേ സ്റ്റേഷൻ പരിസരത്ത് ബഹുനില പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി
മരങ്ങൾ മുറിച്ചുതുടങ്ങിയിട്ടുണ്ട്. റെയിൽവെ പരിസരത്ത് നിൽക്കുന്ന പത്തോളം മരങ്ങളിൽ 4 എണ്ണമാണ് ആദ്യ ഘട്ടത്തിൽ മുറിച്ചു നീക്കുന്നത്. 5 മാസത്തിനുള്ളിൽ പുതിയ പാർക്കിംഗ് സംവിധാനം നടപ്പാക്കാനാണ് തീരുമാനം. നിർമ്മാണ വസ്തുക്കൾ ഇറക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.കോട്ടയത്തെ പാർക്കിംഗ് ഏരിയയിലെ സ്ഥലപരിമിതി മൂലമാണ് മൾട്ടിലെവൽ പാർക്കിംഗ് എന്ന ആശയം മുന്നോട്ടുവെച്ചത്. ഈ സൗകര്യം ഒരുക്കുന്നതോടെ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാം. മൾട്ടി ലെവൽ സൗകര്യം ഒരുങ്ങുന്നതോടെ കൂടുതൽ വാഹനങ്ങൾ കുറഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്യാനും കഴിയും. റോഡിൽ നിന്ന് താഴത്തെ നിലയിൽ വാഹങ്ങൾക്ക് മുകളിലത്തെ നിലകളിലേയ്ക്ക് കയറാവുന്ന രീതിയിലാവും നിർമാണം. ഓരോ നിലയിലും ശരാശരി 650 ചതുരശ്ര അടി വിസ്തൃതിയുണ്ടാകും. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നാം നിലയിലേക്കും റോഡിൽ നിന്നു രണ്ടാം നിലയിലേക്കും നേരിട്ടു പ്രവേശിക്കാം. ഇരുമ്പു ഗർഡറുകളും ഷീറ്റുകളും ഉപയോഗിച്ചു നിർമിക്കുന്നതിനാൽ പിന്നീട് എപ്പോൾ വേണമെങ്കിലും അഴിച്ചുമാറ്റി പുന:സ്ഥാപിക്കാവുന്നതാണ്.
1.65 കോടി ചെലവിൽ 2000 സ്‌ക്വയർ ഫീറ്റിലാണ് നിർമാണം. ഒരേ സമയത്ത് 250 ബൈക്കുകൾ പാർക്ക് ചെയ്യാം.
തടസമായിരിക്കുന്ന വാഹനങ്ങൾ മാറ്റുമെന്ന് റെയിൽവെ
പുതിയ പാർക്കിംഗ് കെട്ടിടത്തിന്റെ നിർമ്മാണങ്ങൾക്ക് തടസമായിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട ഇരുപതോളം വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണൈന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ മാറ്റുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകിയിരുന്നു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ പേരിൽ എന്തെങ്കിലും മോഷണക്കേസുകൾ നിലനിൽക്കുന്നുണ്ടോയെന്ന് പൊലീസുമായി ബന്ധപ്പെട്ട് പരിശോധിക്കും. മരങ്ങൾ മുറിച്ച് മാറ്റുന്നതോടെ ഈ വാഹനങ്ങൾ പൂർണമായും നീക്കം ചെയ്യുമെന്ന് റെയിൽവേ സ്റ്റേഷൻ മാനേജർ അറിയിച്ചു.
റെയിൽവേ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസവും ചർച്ച നടത്തിയിരുന്നു. വരുന്ന കാലവർഷത്തിന് മുമ്പ് പാർക്കിംഗ് കെട്ടിടം പൂർത്തിയാക്കണമെന്ന് കർശനം നിർദ്ദേശ നൽകിയിട്ടുണ്ട്. ''
ജോസ്.കെ.മാണി എം.പി