കോട്ടയം: ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത നാലു കന്യാസ്ത്രീകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലംമാറ്റി കത്തു നൽകിയതിനു പിന്നാലെ ഒപ്പമുള്ള മറ്റൊരു കന്യാസ്ത്രീക്കെതിരെയും നടപടി. അച്ചടക്കലംഘനം നടത്തിയതിന് ജലന്ധറിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ്‌ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ നീന റോസിന് സുപ്പീരിയർ ജനറൽ റഗീന കടംതോട്ട് കത്തയച്ചത്. ഇതിൽ

ഫ്രാങ്കോയുടെ പേര് പറയുന്നില്ല. എന്നാൽ, കേസുമായി ബന്ധപ്പെട്ട് പരസ്യമായി പ്രവർത്തിച്ചു, മദർ സുപ്പീരിയറെ അനുസരിക്കുന്നില്ല, മറ്റ് കന്യാസ്ത്രീകൾക്കൊപ്പം ചേർന്ന് സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 26ന് രാവിലെ 10ന് ജലന്ധറിലെ രൂപതാ അസ്ഥാനത്ത് എത്തി വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കൊപ്പം സമരം ചെയ്ത അനുപമ,​ ജോസഫൈൻ,​ ആൻസിറ്റ,​ ആൽഫി എന്നിവരെ സ്ഥലംമാറ്റി കത്ത് വന്നപ്പോൾ, തനിക്കെതിരെയും നടപടിയുണ്ടാകുമെന്ന് നീന റോസിന് ആശങ്കയുണ്ടായിരുന്നു.

ജീവനിൽ ഭയമുണ്ട്; പോകില്ല

വിശദീകരണം നൽകാൻ പോയാൽ ജീവനോടെ തിരിച്ചുവരുമെന്ന് ഉറപ്പില്ല. അതിനാൽ പോകുന്നില്ല. 26ന് എത്തണമെന്ന് പറയുന്ന കത്ത് 21നാണ് ലഭിച്ചത്. കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്.

- സിസ്റ്റർ നീന റോസ്