ഏറ്റുമാനൂർ: മൾട്ടിപ്ലക്സ് തീയേറ്ററുകൾ ഉൾപ്പെടെയുള്ള ഏറ്റുമാനൂരിലെ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം ഫെബ്രുവരി ആദ്യം ആരംഭിക്കും. കേന്ദ്രസർക്കാർ അംഗീകൃത ഏജൻസിയായ വാപ്‌കോസുമായി നഗരസഭ ഈ ആഴ്ച കരാർ ഒപ്പിടും.
രണ്ട് അക്രഡിറ്റഡ് ഏജൻസികളാണ് കെട്ടിടസമുച്ചയം നിർമ്മിക്കാൻ സമ്മതപത്രം നൽകിയിരുന്നത്. കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷൻ 4.50 ശതമാനവും കേന്ദ്ര സർക്കാർ അംഗീകൃത ഏജൻസിയായ വാപ്‌കോസ് 3 ശതമാനവും നിർമ്മാണ ചെലവ് സൂചിപ്പിച്ചാണ് കത്ത് നൽകിയത്. നിരക്ക് കുറച്ച് കാണിച്ച വാപ്‌കോസിന് നിർമ്മാണ ചുമതല നൽകാൻ കഴിഞ്ഞ ദിവസം നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. മന്ത്രിയുടെ സമയവും കൂടി കണക്കാക്കി ഫെബ്രുവരി ആദ്യ വാരം കെട്ടിടത്തിന് തറക്കല്ലിടും.
എം.സി റോഡിൽ നഗരസഭാ ഓഫീസിന് സമീപത്തായി 60,000 സ്ക്വയർഫീറ്റിലായിട്ടാണ് കെട്ടിടം നിർമ്മിക്കുക. 54 മുറികൾ ഉൾപ്പെടുത്തും. സ്ഥലത്തോട് ചേർന്നുള്ള വ്യാപാരസ്ഥാപനങ്ങളും കെട്ടിടം പണിയുന്നതിനായി ഏറ്റെടുക്കാൻ ധാരണയായിരുന്നു. നിലവിലുള്ള വ്യാപാരികൾക്ക് ഇപ്പോൾ അവർ ഉപയോഗിക്കുന്ന അത്രയും വിസ്തൃതിയിലുള്ള സ്ഥലം പുതിയ കെട്ടിടത്തിൽ വിട്ടുകൊടുക്കും. കൂടുതൽ വിസ്തൃതി ആവശ്യമുള്ളവർക്ക് നഗരസഭ നിശ്ചയിക്കുന്ന സെക്യൂരിറ്റിയും വാടകയും ഈടാക്കി കടമുറികൾ നൽകാനാണ് തീരുമാനം. 10 കോടി വ്യാപാരികളിൽ നിന്നും സുരക്ഷാ നിക്ഷേപമായി വാങ്ങി കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു.
നഗരഹൃദയത്തിൽ പണിയുന്ന സമുച്ചയത്തിൽ രണ്ട് തീയറ്ററുകളാണ് ഉണ്ടാവുക. തീയേറ്റർ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ലൈസൻസും മറ്റും ചലച്ചിത്രവികസന കോർപ്പറേഷൻ എടുക്കണമെന്നാണ് ധാരണ. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് മൾട്ടിപ്ലസ് തീയേറ്റർ പ്രവർത്തിക്കുക. ആദ്യ രണ്ട് നിലകൾ നഗരസഭയുടെയും മുകളിലത്തെ നില സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെയും നേതൃത്വത്തിൽ പണികഴിപ്പിക്കാനാണ് പദ്ധതി.
27 കോടിയുടെ സാങ്കേതികാനുമതിയാണ് കെട്ടിടത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യ ഘട്ട നിർമ്മാണത്തിനായി കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്നും 15 കോടിയുടെ ലോൺ പാസായിട്ടുണ്ട്. ബാക്കി തുക നഗരസഭ കണ്ടെത്തും.''
ജോയ് ഊന്നുകല്ലേൽ (നഗരസഭാ ചെയർമാൻ)