പാലാ: ഒടുവിൽ ടൗൺ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
ഒന്നരവർഷത്തെ കാത്തിരിപ്പിനുശേഷമാണ് കംഫർട്ട് സ്റ്റേഷൻ പുനരുദ്ധരിക്കുന്നത്.

വിശാലമായ ടാങ്ക് പണിത് കംഫർട്ട് സ്റ്റേഷൻ നന്നാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ പറഞ്ഞു. 3.64 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഇന്നലെ ഉച്ചതിരിഞ്ഞാണ് പണികൾ ആരംഭിച്ചത്. ഇതിനായി ഒരുമാസം മുമ്പ് ടാർ ചെയ്ത ഭാഗം പൊളിച്ചു കളയേണ്ടി വന്നു എന്നത് പോരായ്മയാണ്. കംഫർട്ട് സ്റ്റേഷൻ എപ്പോഴായാലും പുതുക്കിപ്പണിയണം എന്നിരിക്കെ ടാങ്ക് സ്ഥാപിച്ചിരിക്കുന്ന ഭാഗത്തെ ടാറിംഗ് ഒഴിവാക്കാമായിരുന്നുവെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടി. ഇവിടെ 4 അടി താഴ്ചയോളം കുഴിയെടുത്ത് ടാങ്ക് സ്ഥാപിക്കാനാണ് പദ്ധതി.
2017 ഒക്‌ടോബർ 27നാണ് ലക്ഷങ്ങൾ മുടക്കി കംഫർട്ട് സ്റ്റേഷൻ പുനരുദ്ധരിച്ചത്. ഈ കംഫർട്ട് സ്റ്റേഷൻ സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ഒരു ആശ്വാസമായിരുന്നു . എന്നാൽ പ്രവർത്തനം തുടങ്ങി ഒരു മാസത്തിനുള്ളിൽ ഇത് അടയ്‌ക്കേണ്ടി വന്നു. ചെറിയ ടാങ്ക് പെട്ടെന്ന് നിറഞ്ഞതിനാലാണ് അടച്ചിടേണ്ടി വന്നത്. എന്നാൽ നാളുകൾ കഴിഞ്ഞിട്ടും കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നടപടിയെടുക്കാത്ത മുനിസിപ്പൽ അധികാരികൾക്കെതിരെ ജനരോഷമുയർന്നിരുന്നു. യാത്രക്കാരും സ്റ്റാൻഡിലെ വ്യാപാരികളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണനേതൃത്വത്തിന് കുലുക്കമുണ്ടായില്ല.ഒടുവിൽ
ചെയർപേഴ്‌സണായി ചുമതലയേറ്റ ബിജി ജോജോ കുടക്കച്ചിറയുടെ നേതൃത്വത്തിൽ

ശബരിമല ഫണ്ട് ഉപയോഗിച്ച് കംഫർട്ട് സ്റ്റേഷൻ ഉടൻ നവീകരിക്കാൻ നീക്കം നടത്തി. എന്നാൽ

ശബരിമലഫണ്ട് ഉപയോഗിച്ച് കംഫർട്ട് സ്റ്റേഷൻ പുതുക്കുന്നതിൽ ചിലർ എതിർപ്പുമായി രംഗത്ത് വന്നതോടെ നടപടി നീണ്ടു.
ഈ സാഹചര്യത്തിലാണ് പ്ലാൻ ഫണ്ട് ഉപയോഗിച്ച് കംഫർട്ട് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്. എന്നാൽ ടാങ്ക് എവിടെ സ്ഥാപിക്കും എന്നതിനെച്ചൊല്ലി ഭരണപക്ഷത്ത് വീണ്ടും തർക്കമുണ്ടായി. പ്രശ്നം പരിഹരിച്ച് മുനിസിപ്പൽ കൗൺസിലിന്റെ അംഗീകാരത്തോടെയാണ് ജനങ്ങളുടെ കാത്തിരിപ്പിന് പ്രതീക്ഷയേകി ഇന്നലെ കംഫർട്ട് സ്റ്റേഷന്റെ പണികൾ ആരംഭിച്ചത്.
ജെ.സി.ബി ഉപയോഗിച്ച് ടാറിംഗ് പൊളിച്ച് ടാങ്കിനായി കുഴിയെടുക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.

ഗതാഗതം നിരോധിച്ചിട്ടുണ്ട്

രാമപുരം, ഉഴവൂർ, പൊൻകുന്നം ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ സ്റ്റാൻഡിലെ കെട്ടിടത്തിന് ചുറ്റുന്നത് തടഞ്ഞിട്ടുണ്ട്. ബസുകൾ സ്റ്റാൻഡിനുള്ളിൽ ചുറ്റാതെ തെക്കുഭാഗത്തെ വിശാലമായ ഭാഗത്ത് നിറുത്തി യാത്രക്കാരെ കയറ്റണം. മെയിൻ റോഡിൽ നിന്ന് സ്റ്റാൻഡിലേക്കുള്ള ബസുകളുടെ പ്രവേശനവും തടഞ്ഞിട്ടുണ്ട്. കൂടുതൽ ട്രാഫിക് പൊലീസിന്റെ സേവനവും വരും ദിവസങ്ങളിൽ സ്റ്റാൻഡിലുണ്ടാകും