കോട്ടയം: അഞ്ചു വർഷത്തിനിടെ ആദ്യമായി കോട്ടയത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ പരിശോധനയ്ക്കായി വിജിലൻസ് കയറിയതോടെ വെളിപ്പെട്ടത് ഒട്ടേറെ തിരിമറികൾ. വാഹനാപകടക്കേസുകളിലെ ഒത്തുകളിയാണ് ഇതിൽ പ്രധാനം. ചിങ്ങവനം സ്റ്റേഷനുകീഴിലെ വാഹനാപകടക്കേസുകൾ ഒരു വിഭാഗം അഭിഭാഷകർക്ക് മാത്രമാണ് കൈമാറുന്നത്. ഇതിൽ അഴിമതിയുണ്ടെന്നാണ് വിജിലൻസ് നിഗമനം.
കേസ് പിടിച്ചു നൽകുന്ന പൊലീസുകാർക്ക് അഭിഭാഷകൻ കമ്മീഷൻ നൽകുന്നുണ്ടെന്നാണ് വിവരം. പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഇത്തരംകാര്യങ്ങൾക്കായി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തി. തലയോലപ്പറമ്പ് സ്റ്റേഷനിൽ ബ്ലേഡ് ഇടപാടുകാർക്കായും പൊലീസ് ഇടനില നിൽക്കുന്നുണ്ട്. എരുമേലിയിൽ പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായി ജോലിയ്ക്ക് ഹാജരാകുന്നില്ല.
പരിശോധനാ റിപ്പോർട്ട് ഇന്ന് വിജിലൻസ് ഡയറക്‌ടർക്ക് സമർപ്പിക്കും.
എ.എസ്.ഐയിൽ നിന്നും കമ്മീഷൻ പറ്റി
സാമ്പത്തിക ഇടാപാട് കേസുകളിൽ ഒത്തു തീർപ്പിനായി ഇടപെടരുതെന്ന് ഡി.ജി.പിയുടെ നിർദേശമുണ്ട്. എന്നാൽ, മിക്ക പൊലീസ് സ്റ്റേഷനുകളിലും ഇതു പാലിക്കുന്നില്ല. വട്ടിപ്പലിശക്കാർ പോലും പണം തിരികെയീടാക്കാൻ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കാനായി ചിങ്ങവനം പൊലീസ് സ്റ്റേഷനിലെത്തിയ ജില്ലയിലെ ഒരു എ.എസ്.ഐയ്ക്കു പോലും പകുതിതുക കമ്മീഷൻ നൽകേണ്ടിവന്നുവെന്ന് വിജിലൻസ് സംഘം
നേരത്തെ കണ്ടെത്തിയിരുന്നു.