കോട്ടയം:മാലിന്യം വളമാക്കി മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ കമ്പനി രംഗത്ത്.
വടവാതൂർ ഡംപിംഗ് യാർഡിൽ കൂടിക്കിടക്കുന്ന മാലിന്യം വളമാക്കാൻകൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ അലയൻസ് ഫോർ ഗ്രീൻ പഞ്ചായത്ത് എന്ന സ്ഥാപനമാണ് മുന്നോട്ട് വന്നിരിക്കുന്നത്.
ഈ ആവശ്യം ഉന്നയിച്ച് ഇവർ വടവാതൂർ ഡംപിംഗ് യാർഡ് ആക്ഷൻ കൗൺസിലിനെ സമീപിച്ചു. ആക്ഷൻ കൗൺസിലാണ് ഇതിനായി നഗരസഭയ്‌ക്ക് കത്ത് നൽകിയിരിക്കുന്നത്.
വടവാതൂരിൽ നാട്ടുകാരുടെ സമരത്തെ തുടർന്ന് കഴിഞ്ഞ ആറു വർഷമായി ഡംപിംഗ് യാർഡ് അടച്ചിട്ടിരിക്കുകയാണ്. ഇതിനിടെ യാർഡിലെ മാലിന്യം നീക്കണമെന്ന് ഹൈക്കോടതി ഉത്തുവിട്ടിരുന്നു.
ഈ ഉത്തരവ് നില നിൽക്കെയാണ് ഇപ്പോഴും ഡംപിംഗ് യാർഡിൽ മാലിന്യം കൂടിക്കിടക്കുന്നത്. വർഷങ്ങളായി കൂടിക്കിടന്ന മാലിന്യം ഇപ്പോൾ വളമായി മാറിയെന്നാണ് സന്നദ്ധ സംഘടന പറയുന്നത്.
പഞ്ചായത്തുകളെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘട വിവിധ സ്ഥലങ്ങളിൽ മാലിന്യ സംസ്‌കരണം നടപ്പാക്കിയിട്ടുണ്ട്. ഡംപിംഗ് യാർഡിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ ആറു മാസത്തിനുള്ളിൽ ഇവിടെ മാലിന്യ സംസ്‌കരണം നടത്താൻ സാധിക്കുമെന്നാണ് ഇവർ പറയുന്നത്.
നേരത്തെ വിവിധ ഏജൻസികൾ മാലിന്യം സംസ്‌കരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതിനെല്ലാം ഇവർ ലക്ഷങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിൽ ഒരു രൂപ പോലും മുതൽ മുടക്കില്ലാതെ നഗരസഭ അധികൃതർക്ക് മാലിന്യം നീക്കി നൽകാമെന്ന വാഗ്‌ദാനമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്.
ഇവിടെ കൂടിക്കിടക്കുന്ന മാലിന്യം ജൈവ വളമാക്കി മാറ്റി വിപണിയിൽ എത്തിക്കും. ഇത് വഴി ലഭിക്കുന്ന തുകയിൽ കമ്പനിയുടെ ലാഭം കഴിഞ്ഞുള്ള തുക നഗരസഭയ്ക്ക് കൈമാറും.
ഇടനില നിന്ന്
സമരസമിതി
ഡംപിംഗ് യാർഡിൽ കൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് സ്വകാര്യ കമ്പനിയും നഗരസഭയും തമ്മിലുള്ള ഇടപാടിന് ഇടനില നിൽക്കുന്നത് സമരസമിതി തന്നെയാണ്. നാഷണൽ അലയൻസ് ഫോർ ഗ്രീൻ പഞ്ചായത്ത് എന്ന സംഘടനയ്ക്ക് മാലിന്യം നീക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് വടവാതൂർ ഡംപിംഗ് യാർഡ് വിരുദ്ധ സമരസമിതി നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയ്ക്ക് കത്ത് നൽകി. ചെയർമാൻ ബൈജു ചെറുകോട്ടയിൽ, എ.കെ ജനാർദനൻ, പി.കെ ആനന്ദക്കുട്ടൻ, കെ.പി ഭുവനേശ്, സുരേഷ് ബാബു, കുര്യൻ പി.കുര്യൻ, അൻസു സണ്ണി എന്നിവരാണ് കത്ത് നൽകിയത്.