വൈക്കം : എവിടെ പോയാലും രാത്രി 8ന് മുൻപ് കടത്തുകടവിലെത്തണം. വൈകിപ്പോയാൽ കടവിലിരുന്ന് നേരം വെളുപ്പിക്കാം. കാട്ടിക്കുന്ന് തുരുത്ത് നിവാസികളുടേതാണ് ഈ ദുരവസ്ഥ. നാടെങ്ങും പുതിയ പാലങ്ങളുയരുമ്പോൾ പാലത്തിനായുള്ള ഇവരുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്. ചെമ്പ് പഞ്ചായത്തിന്റെ 15-ാം വാർഡിൽ മൂവാറ്റുപുഴയാറിന് കുറുകെ പാലം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ട് വർഷങ്ങളായി. വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തേൽ ഗ്രാമത്തിൽ 110 കുടുംബങ്ങളുണ്ട്. ഇതിൽ എഴുപതും പട്ടികവിഭാഗത്തിൽപ്പെട്ടവരാണ്. പുറം ലോകത്തെത്തണമെങ്കിൽ കടത്തുകടന്ന് കാട്ടിക്കുന്നിലെത്തണം. രാവിലെ 5 മുതൽ രാത്രി 8 വരെയാണ് കടത്തുവള്ളം. അത്യാസന്ന നിലയിലുള്ള രോഗികളെയും മറ്റും സുരക്ഷിതമായി യഥാസമയം ആശുപത്രിയിലെത്തിക്കാൻ പലപ്പോഴും കഴിയാറില്ല. മഴക്കാലമെത്തിയാൽ ആറ്റിൽ ജലനിരപ്പുയർന്ന് കുത്തൊഴുക്കാകും. ഈ സമയം അപകടം ഭയന്ന് കുട്ടികളെ സ്കൂളിലാക്കാൻ ഭയമാണ്.
2012 ൽ ഭരണാനുമതി
2012 ൽ പാലം നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു. സാങ്കേതിക പഠനത്തിനായി ബ്ലോക്ക് പഞ്ചായത്ത് എൽ.ബി.എസിനെ നിയോഗിച്ചു. എന്നാൽ സർവീസ് ചാർജ് നൽകാത്തതിനാൽ അവർ റിപ്പോർട്ട് നൽകിയില്ല. തുരുത്ത് നിവാസികൾ സമരപരിപാടികളുമായി മുന്നോട്ട് പോയി. കഴിഞ്ഞ ഫെബ്രുവരിയിൽ ചെമ്പ് പഞ്ചായത്ത് സർവീസ് ചാർജായ 3.14 ലക്ഷം നൽകാൻ തയ്യാറായി. എൽ.ബി.എസ് റിപ്പോർട്ട് നൽകി. റിപ്പോർട്ടനുസരിച്ച് പാലം നിർമ്മിക്കാൻ 3.60 കോടി വേണം. അതിനാൽ പൊതുമരാമത്ത് വകുപ്പ് തന്നെ പാലം പണിയേണ്ടി വരും. അപ്രോച്ച് റോഡിന് 8 മീറ്റർ വീതി വേണമെങ്കിലും പ്രായോഗികമല്ല.