ചങ്ങനാശ്ശേരി: നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണകക്ഷി അംഗങ്ങളും അദ്ധ്യക്ഷനും തമ്മിൽ ഭിന്നത. പദ്ധതികളുടെ കരട് അംഗീകാരം നേടുന്നതിൽ വ്യക്തതയില്ലെന്ന ആരോപണത്തെ തുടർന്നായിരുന്നു ഭിന്നത. കരടിൽ വ്യക്തതയില്ലെന്നും പട്ടികയുടെ പകർപ്പ് സമർപ്പിക്കണമെന്നും ഭരണകക്ഷി അംഗങ്ങൾ ചെയർമാനോട് ആവശ്യപ്പെട്ടു. മാർട്ടിൻ സ്‌കറിയായുടെ നേതൃത്വത്തിൽ ഭരണകക്ഷി കൗൺസിൽ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയി. വണ്ടിപ്പേട്ട മാർക്കറ്റിലെ വട്ടമരം വെട്ടുന്നതിൽ അഴിമതി നടന്നിട്ടുള്ളതായും ഭരണ കക്ഷികൾ ആരോപിച്ചു. 3500 അല്ലെങ്കിൽ 4000 രൂപയ്ക്ക് വെട്ടിമാറ്റേണ്ട മരം 6500 രൂപയ്ക്കാണ് വെട്ടിമാറ്റിയത്. വിവിധ പ്രോജക്ടുകൾക്കായി ചില കൗൺസിലർമാർക്ക് കൂടുതൽ ഫണ്ട് അനുവദിക്കുകയും ബാക്കി കൗൺസിലർമാർക്ക് ഫണ്ട് കുറച്ചും നൽകുന്ന പ്രവണതയാണ് നഗരസഭയിൽ നടക്കുന്നത്. കൗൺസിലിനു മുകളിൽ സൂപ്പർകൗൺസിൽ ഉണ്ടോ എന്നും ചോദ്യം ഉയർന്നു. ഉദ്യോഗസ്ഥ വൃന്ദം കൗൺസിലർമാരെ ശാസിക്കുകയും അവരെ മാനിക്കാതെ തീരുമാനങ്ങൾ നടപ്പാക്കുന്നതുവരെയായി കാര്യങ്ങൾ.
ചെയർമാൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വരുമാന മാർഗം ഉണ്ടാക്കുന്ന പ്രോജക്ടുകൾ നടപ്പിലാക്കുന്നില്ലെന്നും ആക്ഷേപമുയർന്നു. നഗരസഭയുടെ മുഖമായ ടൗൺഹാളിന്റെ പരിതാപകരമായ അവസ്ഥയിൽ മാറ്റം ഉണ്ടാക്കണമെന്ന് കൗൺസിൽ അംഗങ്ങൾ ഒന്നടങ്കം പറഞ്ഞു. ടൗൺഹാളിൽ നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന പ്രോഗ്രാമുകൾക്ക് ശേഷം നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് ചെയർമാൻ പറഞ്ഞു. കൗൺസിൽ യോഗത്തിനു ശേഷമോ മുൻപോ പൊതുചർച്ചയ്ക്ക് സമയം നല്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.