ചങ്ങനാശേരി: നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്താൻ മോട്ടാർ വാഹനവകുപ്പ് ഒരുങ്ങുന്നു. ഫെയർ മീറ്ററുകൾ നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഓട്ടോറിക്ഷകളുടെ പുതുക്കിയ നിരക്ക് നിലവിൽ വന്ന ശേഷം യാത്രക്കാരിൽ നിന്ന് അമിത കൂലി ഈടാക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.
ഒാട്ടാ ടാക്‌സി നിരക്കുകൾ പരിഷ്‌കരിച്ച ശേഷവും നഗരത്തിൽ ഒാട്ടാറിക്ഷകൾ തോന്നുംപടിയാണ് കാശ് വാങ്ങുന്നത്. പുതുക്കിയ നിരക്കനുസരിച്ച് മിനിമം കൂലി 25 രൂപയാണെങ്കിലും 30 രൂപയിൽ കുറഞ്ഞ് മിക്ക ഒാട്ടാറിക്ഷക്കാരും വാങ്ങില്ല. എവിടെയാണ് പോകേണ്ടതെന്ന് കൃത്യമായി അറിഞ്ഞ ശേഷം പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ചെറിയ ഓട്ടമാണെങ്കിൽ പോകില്ലെന്ന് പറയും. മിക്കപ്പോഴും ഓട്ടം കഴിഞ്ഞ് ഇവർ പറയുന്ന ചാർജ് കേട്ട് യാത്രക്കാർ വഴക്കിടുന്നത് നിത്യസംഭവമാണ്. ഇക്കണക്കിന് കാശ് കൊള്ള ചെയ്യാൻ ജി.എസ്.ടി മുതൽ ആഗോള ക്രൂഡോയിൽ വില വരെ ഇക്കൂട്ടർ നിരത്താറുമുണ്ട്.
സാധാരണക്കാരുടെ കീശയാണ് ഇതിലൂടെ കാലിയാകുന്നത്. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹനവകുപ്പ് ഓട്ടോറിക്ഷാകളിലെ ഫെയർ മീറ്റർ നിർബന്ധമാക്കാനൊരുങ്ങുന്നത്. പൊതുജനങ്ങളിൽ നിന്നും നിരവധി പരാതികൾ ലഭിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം മുമ്പും ഫെയർ മീറ്ററുകൾ നിർബന്ധമാക്കിയിരുന്നെങ്കിലും യൂണിയനുകളുടെ ഇടപെടലിൽ എല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. ഇത് വീണ്ടും ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ.