കോട്ടയം: നവ ദ്വിലിംഗ നയം പ്രത്യാശ നൽകുന്നതാണ് പ്രശസ്ത ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ കൽകി സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. ദ്വിലിംഗരും (ട്രാൻസ്‌ജെൻഡേഴ്‌സ്) മനുഷ്യരാണെന്ന് സമൂഹം കരുതണം. മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസേർച്ച് ആന്റ് എക്‌റ്റെൻഷൻ സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഇതിഹാസങ്ങളിലും പുരാണങ്ങളിലും ദൈവീക പരിവേഷത്തോടെ ആരാധ്യരായിരിക്കുന്ന ദ്വിലിംഗ വിഭാഗം പ്രായോഗിക ജീവിതത്തിൽ തെരുവിൽ ഭിക്ഷയെടുക്കേണ്ട അവസ്ഥയാണ്. മറ്റുള്ളവരെപോലെ ജീവിക്കാൻ പൊതുവിടങ്ങളിൽ ഇടപെടലുകൾ നടത്തുവാൻ കഴിയണം. തുറിച്ചുനോട്ടങ്ങളേൽക്കാതെ സഞ്ചരിക്കുവാൻ കഴിയണം. ദ്വിലിംഗ സൗഹൃദ വിദ്യാലയങ്ങളും, ആശുപത്രികളും അധികാര സ്ഥാപനങ്ങളും ഉണ്ടാകണം.
സിൻഡിക്കേറ്റംഗവും സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് മേധാവിയുമായ പ്രൊഫ. കെ.എം. കൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റംഗം ഡോ. ബിസ്മി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് ഒാണററി ഡയറക്ടർ ഡോ. ആർ.എസ്. സന്ധ്യ,ഡോ. മുഹമ്മദ് മുസ്തഫ,ഡോ. പി.പി. നൗഷാദ്, അഭിനേത്രി ശീതൾ ശ്യാം, അനിൽ ചില്ല, വിജയരാജ മല്ലിക, ജിജോ കുര്യാക്കോസ്, രഞ്ജു രഞ്ജി , കേരള സാമൂഹ്യനീതി ഡിപ്പാർട്ട്‌മെന്റ് ട്രാൻസ്‌ജെൻഡർ സെൽ ഡയറക്ടറായ ശ്യാമ എസ്. പ്രഭ, ഇഷാൻ കെ. ഷാൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ട്രാൻസ്‌ജെൻഡർ ജീവിതം അനാവരണം ചെയ്യുന്ന പറയാൻ മറന്ന കഥകൾ എന്ന നാടകവും ട്രാൻസ്‌ജെൻഡർ ആർട്ട് ആന്റ് ചാരിറ്റബിൾ സൊസൈറ്റി ക്ലാസിക്കൽ ഡാൻസ്, ഫാഷൻഷോയും അവതരിപ്പിച്ചു.