കോട്ടയം: കെവിൻ വധക്കേസിൽ പ്രാഥമിക വാദം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഇന്നലെ വാദം തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മാറ്റുകയായിരുന്നു.
പ്രതികളെ ഏഴിന് ഹാജരാക്കാൻ മുൻപ് കോടതി നിർദേശം നൽകിയതിനാൽ അന്ന് വാദം തുടങ്ങിയാൽ മതിയെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യമെങ്കിൽ ഒന്നിന് പ്രതികളെ എത്തിക്കാമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുപയോഗിച്ച വാഹനം വിട്ടു നൽകണമെന്നുള്ള അപേക്ഷ കോടതി പിന്നീട് പരിഗണിക്കും. മുഖ്യതെളിവായ വാഹനം വിട്ടുനൽകരുതെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. കസ്റ്റഡിയിലുള്ള ഇന്നോവ വിട്ടു നൽകാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. മറ്റൊരു കാറിനായാണ് പ്രതിഭാഗം അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്ക് കേസുമായി ബന്ധപ്പെട്ട രേഖകൾ നൽകിയില്ലെന്ന വാദം പ്രോസിക്യൂഷൻ എതിർത്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ ഹാജരായി.