പൈക: കുറുന്തോട്ടിക്ക് വാതം വന്ന അവസ്ഥയിലാണ് ഈ ആശുപത്രി. രോഗികളെ പരിചരിക്കേണ്ട ആശുപത്രിക്ക് അവഗണനയുടെ കട്ടിലിൽ നിന്നെഴുന്നേൽക്കാനാകാത്ത അവസ്ഥയാണ്.കോട്ടയം ജില്ലയിലെ തന്നെ പേരു കേട്ട പൈക സാമൂഹ്യ ആരോഗ്യ കേന്ദ്രം തകർച്ചയുടെ വക്കിലാണ്. ഓപ്പറേഷൻ തീയേറ്റർ,കുട്ടികളുടെ വാർഡ് ,ലാബ്
ഫാർമസി, ക്വാർട്ടേഴ്‌സ് എന്നിവ ഉൾപ്പെടെ 40 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമുള്ള ആശുപത്രിയിൽ ഇപ്പോൾ കിടപ്പു രോഗികൾ ഇല്ല.
5 ഡോക്ടർമാരടക്കം മുപ്പതോളം ജീവനക്കാരുള്ള ഇവിടെ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ല.
ഡോക്ടർമാർ മിക്കവരും ഉച്ചയോടെ തന്നെ സ്ഥലം കാലിയാക്കും. ഉച്ച തിരിഞ്ഞെത്തുന്നവർ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മൂവാറ്റുപുഴ - പുനലൂർ സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ അപകടം സംഭവിച്ചെത്തിയാൽ പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും ആരുമില്ല. രോഗികളെ അഡ്മിറ്റ് ചെയ്യാത്തതിന് കാരണമായി പറയുന്നത് ഗ്രേഡ് കം ജീവനക്കാർ ഇല്ലെന്നതാണ്. ഈ വിഷയം ഡി.എം.ഒ.യെ അറിയിച്ചിട്ടുണ്ട്.
താല്ക്കാലികമായി 2 പേരെ അനുവദിച്ചെങ്കിലും ഒരാൾ മാത്രമാണ് എത്തിയത്.
6 ജീവനക്കാർ വേണ്ടിടത്ത് 3 പേരാണുള്ളത്. ഉള്ളജീവനക്കാരിൽ ചിലർ അടുത്തമാസം പെൻഷൻ പറ്റുന്നതുകൊണ്ട് ലീവിലുമാണ്. എലിക്കുളം, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മീനച്ചിൽ,
തിടനാട്, കൊഴുവനാൽ,പള്ളിക്കത്തോട് തുടങ്ങിയപഞ്ചായത്തുകളിലുള്ളവരുടെ ആശ്രയ കേന്ദ്രമായ
ഈ ആരോഗ്യ കേന്ദ്രം നവീകരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങുമെന്നാണ് വിവിധ സംഘടനകൾ പറയുന്നത്.
പരിതാപകരം
ഓപ്പറേഷൻ തീയേറ്റർ മരുന്നുകൾ സൂക്ഷിക്കുന്ന സ്റ്റോറായും കുട്ടികളുടെ വാർഡിൽ
കേടായ ഉപകരണങ്ങളും കൂട്ടിയിട്ടിരിക്കുന്നു.വികസനമില്ല എന്നാരും പറയരുത്
കാരണം പൊട്ടിപ്പൊളിഞ്ഞ് ഭിത്തി വിണ്ടു കീറിയതുമായ പഴയ കെട്ടിടത്തിന്റെ
മുകൾഭാഗത്ത് റൂഫ് നിർമ്മിക്കുവാനുള്ളപണി അതിവേഗം നടക്കുകയാണ്.