കോട്ടയം : സർവതും തകർക്കാനെത്തിയ പ്രളയത്തെ കരുത്തോടെ നേരിട്ടിരിക്കുകയാണ് ജില്ലയിലെ ക്ഷീരമേഖല. ജനുവരിയിൽ ഉണ്ടായിരുന്നതിനേക്കാൾ ശരാശരി പതിനായിരം ലിറ്ററിന്റെ വർദ്ധനവാണ് ഇക്കുറിയുണ്ടായത്. പ്രളയസമയത്ത് ആറായിരം ലിറ്റവർവരെ കുറഞ്ഞിടത്ത് നിന്നാണ് ഇത്രവലിയ നേട്ടംകൊയ്യാൻ കഴിഞ്ഞത്. 55000 ലിറ്ററാണ് ഇപ്പോൾ ശരാശരി ഒരു ദിവസം ലഭിക്കുന്നത്. ചൂട് മൂലം പാലുത്പാദനം കുറയുന്ന മാർച്ചിൽ പോലും കാര്യമായ പ്രശ്നമില്ലാതെ പിടിച്ചു നിന്നു. ആഗസ്റ്റിലാണ് ഏറ്റവും കുറവ് പാൽ ലഭിച്ചത്. ജില്ലയിലെ പാലുത്പാദന മികവ്, മിൽമയുടെ എറണാകുളം മേഖലയ്ക്കും കരുത്തായി. പ്രളയത്തിൽ പശുക്കൾ ചത്തു പോയ ക്ഷീരകർഷകർക്ക് ഉടനടി സാമ്പത്തിക സഹായം അനുവദിക്കാൻ കഴിഞ്ഞതും തുണയായി. ഒരു പശുവിന് 10,000 രൂപയും പശുക്കിടാവിന് 5,000 രൂപയും കണക്കിൽ മൂന്ന് പശുക്കൾക്ക് വരെയാണ് സഹായം നൽകിയത്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖലയിൽ രണ്ടായിരത്തിലേറെ പശുക്കളെയാണ് പ്രളയം കവർന്നത്. തൊഴുത്ത് നഷ്ടമായവർക്ക് 7,500 രൂപയും നൽകി.

 പശുക്കർഷകർ കൂടി

റബറിന്റെ വിലത്തകർച്ചയോടെ ജില്ലയിൽ പശുക്കർഷകരുടെ എണ്ണം വർദ്ധിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ രണ്ട് വർഷത്തനിടെ അയ്യായിരത്തിലേറെ കുടുംബങ്ങൾ പുതുതായി പശുവളർത്തൽ തുടങ്ങി. കാലിത്തീറ്റയടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാൽ കർഷകരും ഹാപ്പിയാണ്.

2018ലെ ശരാശരി (ലിറ്ററിൽ)

ജനുവരി: 47,000

 ഫെബ്രുവരി:44,000

മാർച്ച്: 41,000

ഏപ്രിൽ: 42,000

മേയ്: 44,000

ജൂൺ: 46,000

ജൂലായ്: 44,000

ആഗസ്റ്റ്: 40,000

സെപ്തംബർ: 43,000

ഒക്ടോബർ: 46,000

നവംബർ: 51,000

 2019 ജനുവരി: 55,000