കോട്ടയം: ബഡ്ജറ്റുകളിൽ പറയുന്നത് വെറും പ്രഖ്യാപനങ്ങൾ മാത്രമാണെന്നാണ് ജില്ലയുടെ അനുഭവം. കോട്ടയം, ഏറ്റുമാനൂർ, പാലാ, ചങ്ങനാശേരി, വൈക്കം, ഈരാറ്റുപേട്ട നഗരസഭകൾ കഴിഞ്ഞ ബഡ്‌ജറ്റിൽ കൊട്ടിഘോഷിച്ച പദ്ധതികളിൽ പാതിയും തുലാസിലാണ്. നഗരസഭകളുടെ മണ്ണിലിറങ്ങാത്ത പദ്ധതികൾ ഇതാ:
കോട്ടയം സ്‌ത്രീ സൗഹൃദമായില്ല കോട്ടയം നഗരത്തിൽ വന്നുപോകുന്ന സ്‌ത്രീകൾക്കായി ഡ്രസിംഗ് റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ മൂന്ന് ഷീ ടോയ്‌ലറ്റുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ. സോന: 50 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതിയാണിത്. കെട്ടിടം പൂർത്തിയായിട്ടും വെള്ളം ലഭ്യമാകാത്തതിനാൽ ടോയ്‌ലറ്റ് തുറക്കാൻ കഴിഞ്ഞിട്ടില്ല. വാട്ടർ അതോറിറ്റിക്ക് കത്ത് കൊടുത്തിട്ട് നാളുകളായി. കംഫർട്ടാകാതെ ഏറ്റുമാനൂർ ഏറ്റുമാനൂർ ചെറുവാണ്ടൂർ പ്രദേശത്ത് 87 ലക്ഷം മുടക്കി ലോകബാങ്കിന്റെ സഹകരണത്തോടെ നിർമ്മാണം ആരംഭിച്ച കംഫർട്ട് സ്റ്റേഷൻ പൂർത്തിയായില്ല. നഗരസഭാ ചെയർമാൻ ജോയ് ഊന്നുകല്ലേൽ: കരാറുകാരന് ഫണ്ട് കൃത്യമായി ലഭിക്കാതായതോടെ നിർമ്മാണം പാതിയിൽ ഉപേക്ഷിച്ചു.ട്രഷറിയിൽ നിന്നും ബില്ല് മാറികിട്ടാൻ കാലതാമസം നേരിട്ടതിനാലാണ് ഫണ്ട് വിതരണം തടസപ്പെട്ടത്. ചങ്ങനാശേരിയുടെ സ്വപ്‌ന പദ്ധതി പാളി കായിക താരങ്ങൾക്ക് പരിശീലനത്തിനായി ചങ്ങനാശേരി ളായിക്കാട് ബൈപ്പാസിന് സമീപം നഗരസഭ നടപ്പാക്കാനിരുന്ന സ്‌പോർട്‌സ് മൾട്ടി പർപ്പസ് സ്റ്റേഡിയം പദ്ധതി എങ്ങും എത്തിയിട്ടില്ല. ഫുട്ബാൾ, വോളിബാൾ, ബാസ്‌ക്കറ്റ് ബാൾ തുടങ്ങിയവയുടെ പരിശീലനത്തിന് ഉൾപ്പടെ 2 കോടി രൂപയാണ് കഴിഞ്ഞ ബഡ്‌ജറ്റിൽ വകയിരുത്തിയിരുന്നത്. പാലായിൽ മാലിന്യ സംസ്‌കരണം പാതിവഴിയിൽ പാലാ നഗരസഭ മാലിന്യ സംസ്‌കരണ പദ്ധതികൾക്കാണ് കഴിഞ്ഞ തവണ മുൻതൂക്കം നൽകിയത്. പ്ലാസ്റ്റിക്ക് വേർതിരിച്ച് പൊടിക്കുന്നതിന് ഷ്രെഡിംഗ് യൂണിറ്റ്, മാലിന്യ ശേഖരണ യൂണിറ്റ് (എം.ആർ.എഫ്) തുടങ്ങിയവയ്ക്ക് 12 ലക്ഷം രൂപ കഴിഞ്ഞ ബഡ്‌ജറ്റിൽ വകയിരുത്തിയിരുന്നു. നഗരസഭാദ്ധ്യക്ഷ ബിജി ജോജോ: മാലിന്യ സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ നാട്ടുകാരുടെ എതിർപ്പുണ്ടായതാണ് പദ്ധതി പാതിവഴിയിലാകാൻ കാരണം പ്രളയം പിന്നോട്ടാക്കിയെന്ന് വൈക്കം ആറ് മാസത്തിനുള്ളിൽ വൈക്കത്തെ സമ്പൂർണ മാലിന്യ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുമെന്ന വാഗ്‌ദാനത്തോടെ 35 ലക്ഷം രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതികൾക്ക് തുടക്കമിട്ടെങ്കിലും ഒരെണ്ണം പോലും നടപ്പായില്ല. നഗരസഭാ ചെയർമാൻ പി.ശശിധരൻ: പ്രളയം നടത്തിപ്പിൽ താമസം വരുത്തി. അടിയന്തരമായി തന്നെ മാലിന്യ നിർമ്മാർജന പദ്ധതികൾ പ്രവർത്തനമാരംഭിക്കും. നവീകരിക്കാതെ ഈരാറ്റുപേട്ട ഓഫീസ് 85 ലക്ഷം രൂപ ചെലവിൽ ഈരാറ്റുപേട്ട നഗരസഭ പുതിയ ഓഫീസ് നിർമ്മിക്കുന്നതിന് പദ്ധതി തയാറാക്കിയെങ്കിലും പ്രാരംഭ പ്രവർത്തനങ്ങൾ പോലും പൂർത്തിയായില്ല. നഗരസഭാ ചെയർമാൻ വി.കെ.കബീർ: ചില കൗൺസിലർമാർ പദ്ധതിയിൽ അഴിമതി ആരോപിച്ചതോടെ മുന്നോട്ട് കൊണ്ടുപോകാൻ തടസമായി.