ചങ്ങനാശേരി : ഏതുനിമിഷവും നിലംപൊത്താം,ഭീതിയോടെയാണ് ബസ് ഇവിടെ കാത്തുനിൽക്കുന്നത്.
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പഴയ കെ.എസ്.ആർ.ടി.സി ഓഫീസ് കെട്ടിടമാണ് യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്നത്. കാലപ്പഴക്കത്താൽ വിള്ളൽ വീണ ഭിത്തികളിൽ ചെടികൾ വളർന്നു നിൽക്കുകയാണ്. സീലിംഗുകൾ പൂർണമായും തകർന്നു.കോൺക്രീറ്റുകൾ അടർന്ന് യാത്രക്കാരുടെ തലയിലേക്ക് വീണ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ചിലയിടത്താകട്ടെ കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലാണ്. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും യാത്രക്കാരുടെ ആശങ്കയകറ്റാൻ അധികൃതർക്കായിട്ടില്ല.
എം.സി റോഡിനോട് ചേർന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. എന്തെങ്കിലും സംഭവിച്ചാൽ അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ ഇതിടയാക്കും. ഇതോടൊപ്പം നിർമ്മിച്ച ഗാരേജ് അടുത്തിടെ പൊളിച്ചു നീക്കിയിരുന്നു. കെട്ടിടം പൊളിച്ചുമാറ്റാൻ ക്വട്ടേഷൻ നൽകിയെന്നാണ് അധികൃതരുടെ പറച്ചിൽ.
കെട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണവും എങ്ങുമെത്തിയില്ല. സ്വകാര്യവ്യക്തികളിൽ നിന്നു പണം സ്വീകരിച്ച് പുതിയകെട്ടിടം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു നിലകളിലായി പണിയുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് പൂർത്തിയായിട്ട് പഴയകെട്ടിടം പൊളിച്ചാൽ മതിയെന്ന ശാഠ്യത്തിലാണ് അധികൃതരെന്നാണ് നാട്ടുകാർ പറയുന്നത്.