തലയോലപ്പറമ്പ് : ഗ്രാമപഞ്ചായത്തിന്റെ ജലസ്രോതസ്സായിരുന്ന ചന്തത്തോടും മൂവാറ്റുപുഴയാറിന്റെ തീരവും മാലിന്യകൂമ്പാരത്തിൽ. തോട്ടിലും പുഴയോരത്തും മാലിന്യം തള്ളുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ പഞ്ചായത്തും ഇറിഗേഷൻ വകുപ്പുമെല്ലും കാഴ്ചക്കാരായി നിൽക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായിരുന്നു ചന്തത്തോടും കുറുന്തറപ്പുഴയും. ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും മൂക്ക് പൊത്തും. ചന്തതോടിന് സമീപത്തുള്ള പഞ്ചായത്ത് ഓഫീസിൽ ഇരുന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ദിനംപ്രതി തോടിന്റെ അവസ്ഥയിൽ ലജ്ജിച്ചു മടങ്ങുമ്പോഴും തോടിന്റെ ശുചികരണം മാത്രം അകലെയാണ്. ചന്തത്തോടിനെ സംരക്ഷിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ ആരുംതന്നെ മുന്നോട്ടുവരാത്തത് ഏറെ വിഷമകരമാണ്. മൂവാറ്റുപുഴയാറിന്റെ വെട്ടിക്കാട്ട് മുക്ക് മുതൽ വടയാർ ഭാഗം വരെയുള്ള തീരത്ത് രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ എത്തി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ടാണ് ഉളവാക്കുന്നത്. വടയാർ ഭാഗത്ത് റോഡരികിൽ കൂണുകൾ പോലെ മുളച്ചു വരുന്ന നിരവധി മത്സ്യ, ഇറച്ചി വിൽപ്പന സ്റ്റാളുകളിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നതായി ആരോപണം ശക്തമാണ്. മാർക്കറ്റിൽ നിന്നും വരുന്ന അവശിഷ്ടങ്ങളെല്ലാം എളുപ്പത്തിൽ കച്ചവടക്കാർ വലിച്ചെറിയുന്നത് ചന്തത്തോട്ടിലേക്കാണ്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ലക്ഷങ്ങളുടെ ശുചീകരണജോലികൾ ഇവിടെ നടത്തിയിരുന്നെങ്കിലും എല്ലാം വഴിപാടായിരുന്നു. ചന്തത്തോട്ടിലും, കുറുന്തറപ്പുഴയിലും ആളുകൾക്ക് താഴാതെ നടന്ന് പോകുന്ന തരത്തിൽ വർഷങ്ങളായി പുല്ല് വളർന്നിരുന്നത് കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയിരുന്നത് വീണ്ടും പഴയപടിയായി. ഇതോടെ മാലിന്യങ്ങൾ ഇവിടെ തള്ളുന്നത് പതിവായിരിക്കുകയാണ്. അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ തോട് നാമവശേഷമാകുമെന്ന് നാട്ടുകാർ പറയുന്നു.
ചിത്രവിവരണം
പുല്ലും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന തലയോലപ്പറമ്പ് പഞ്ചായത്തിലെ ചന്തത്തോട്.