കോട്ടയം : ആറ്റുനോറ്റുകിട്ടിയ ഓണാവധിക്ക് വീട്ടിൽ പോലും പോകാതെ പ്രളയബാധിതരെ കൈപിടിച്ചുയർത്താനുള്ള മേജർ ഹേമന്ദ്‌രാജിന്റെ വലിയ മനസിന് കിട്ടിയ അംഗീകാരമാണ് രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡൽ. പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ഇൻസ്ട്രക്ടറായ മേജർ ഹേമന്ദ് രാജ് പഞ്ചാബിലെ സൈനിക കേന്ദ്രത്തിലിരുന്നാണ് ഈ വാർത്ത അറിഞ്ഞത്. ഏറ്റുമാനൂർ തവളക്കുഴിയിലെ മുത്തുച്ചിപ്പി വീടും സന്തോഷത്തിന്റെ നെറുകയിലാണ്. മകന്റെ നേട്ടത്തിന് അഭിനന്ദനം അറിയിക്കാൻ വിളിക്കുന്നവരോട് നന്ദി പറയുകയാണ് അച്ഛൻ ടി.കെ.രാജപ്പനും അമ്മ ലതികാബായിയും.
രണ്ടാഴ്ചത്തെ ഓണാവധി ആഘോഷിക്കാൻ പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ നിന്ന് ഏറ്റുമാനൂരിലേക്ക് പുറപ്പെടും വഴിയാണ് ഹേമന്ദ് പ്രളയ വാർത്ത അറിഞ്ഞത്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഉടൻ വീട്ടിലേക്കുള്ള യാത്ര റദ്ദാക്കി യൂണിഫോമും അണിഞ്ഞ് ഹെലികോപ്ടറിൽ ചെങ്ങന്നൂരെ ദുരന്തമുഖത്ത് പറന്നിറങ്ങി. ഹേമന്ദ് ജീവനും ജീവിതവും നൽകിയവരുടെ പ്രാർത്ഥന കൂടിയാണ് നേട്ടത്തിന് പിന്നിൽ. കഴക്കൂട്ടം സൈനിക സ്‌കൂളിൽ നിന്നാണ് ഹേമന്ദ് രാജ് സേനയുടെ ഭാഗമായത്. സൈനിക സ്‌കൂളിലെ സുഹൃത് വലയം അന്ന് രക്ഷാപ്രവർത്തനത്തിനും തുണയായിരുന്നു. മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും കോളേജ് വിദ്യാർത്ഥികളെയും ഒരുമിപ്പിച്ച് അഞ്ചു ദിവസം രക്ഷാപ്രവർത്തനം നടത്തിയപ്പോൾ ജീവിതത്തിലേക്ക് തിരികെ എത്തിയവർ നിരവധിയാണ്. കാശ്മീരിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലും രാഷ്ട്രപതിഭവനിലും നിയന്ത്രണരേഖയിലും ഹേമന്ദ് ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഡോ.തീർത്ഥ. മകൻ: അയൻ.
''എല്ലാം അപ്രതീക്ഷിതമാണ്. സേവാമെഡൽ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രക്ഷപ്പെട്ട നിരവധിപേർ സൈനിക കേന്ദ്രത്തിലേക്ക് കത്തയച്ചിരുന്നു. ഒരുപാട് അഭിമാനവും സന്തോഷവുമുണ്ട്'
- ''ഹേമന്ദ് രാജ് ""