പൊൻകുന്നം: ദേശീയപാതയിൽനിന്നും പൊൻകുന്നത്തെ കെ.എസ്.ആർ.ടി.സി.ഡിപ്പോയിലേയ്ക്ക് നേരിട്ട് പ്രവേശിക്കാൻ പാത നിർമ്മിക്കണമെന്നും ഡിപ്പോയോടനുബന്ധിച്ചുണ്ടായിരുന്ന ബസ് സ്റ്റാൻഡ് പുന:സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാക്കുകയാണ് നാട്ടുകാർ.

40 വർഷം മുമ്പ് സ്ഥാപിച്ച കെ.എസ്.ആർ.ടി.സി ഡിപ്പോ വളർന്ന് വളർന്നിപ്പോൾ ഉള്ള സർവീസുകളും നിറുത്തുന്ന അവസ്ഥയിലെത്തി.

തുടക്കത്തിലുണ്ടായിരുന്ന പല സർവീസുകളും ഇപ്പോഴില്ല.ബസ് സ്റ്റാൻഡും വെയിറ്റിംഗ് ഷെഡും,യാത്രക്കാർക്കാവശ്യമായ അനുബന്ധസൗകര്യങ്ങളും ,കാന്റീനും എല്ലാം ഉണ്ടായിരുന്ന ഇവിടെ കാലാകാലങ്ങളിലായി ഓരോന്നായിട്ട് നിറുത്തലാക്കി.

ഒടുവിൽ ഇപ്പോൾ ഉള്ളത് ഡിപ്പോയും ഗാരേജും മാത്രം.

യാത്രക്കാരാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല.അല്ല നോക്കിയിട്ട് കാര്യവുമില്ല.കാരണം ഇവിടെനിന്നും യാത്രക്കാരെ ബസ്സിൽ കയറ്റാറില്ല.പൊൻകുന്നം വഴി കടന്നുപോകുന്ന ബസുകൾ ഡീസലടിക്കാൻമാത്രമാണ് ഡിപ്പോയിലെത്തുന്നത്.അതും ചുരുക്കം ചില വണ്ടികൾ മാത്രം.ദേശീയപാതയിലൂടെയെത്തുന്ന ബസുകൾ പി.പി.റോഡിലുള്ള സ്റ്റാൻഡിലെത്തി ആളെ എടുക്കുമ്പോൾ പ്രൈവറ്റ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന യാത്രക്കാർ സ്വകാര്യ ബസുകളിൽ കയറുമെന്നും അതുമൂലം കെ.എസ്.ആർ.ടി.സിയുടെ വരുമാനം കുറയുമെന്നും പറഞ്ഞാണ് ബസ് സ്റ്റാൻഡ് നിറുത്തലാക്കിയത്.പകരം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോടനുബന്ധിച്ച് സ്‌റ്റേഷൻമാസ്റ്റർ ഓഫീസ് തുറന്നു. പിന്നീട് അതും നിറുത്തി.
ദേശീയപാതയിൽനിന്നും നൂറുമീറ്റർ റോഡ് നിർമ്മിച്ച് ബസുകൾക്ക് നേരിട്ട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്താൻ വഴിയൊരുക്കിയാൽ ഇപ്പോൾ ഒരുകിലോമീറ്റർ ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കാം.എന്നിട്ട് നിറുത്തലാക്കിയ ബസ് സ്റ്റാൻഡ് പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയോടു ചേർന്നാണ് പൊൻകുന്നം ഡിപ്പോ. പാതയുടെ പൊൻകുന്നം മുതൽ പുനലൂർ വരെ ശേഷിക്കുന്ന നവീകരണജോലികൾ രണ്ടുവർഷത്തിനകം പൂർത്തിയാകുമെന്നാണ് അറിയുന്നത്. ദീർഘവീക്ഷണത്തോടെ പദ്ധതി തയ്യാറാക്കി ഡിപ്പോ നവീകരിക്കണമെന്നും ആവശ്യമുയരുന്നു.