കോട്ടയം: പാഠ്യപുസ്‌തകങ്ങൾക്കും എഴുത്ത് പരീക്ഷകൾക്കും അപ്പുറം അറിവ് പകർന്ന് കൊണ്ട് വിദ്യാർത്ഥികളുടെ മനസ് കീഴടക്കിയ ഏഴ് അദ്ധ്യാപികമാർ കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിന്റെ പടിയിറങ്ങി. എം.ഡി സ്‌കൂളിലെ ഹൈസ്‌ക്കൂൾ,യു.പി വിഭാഗത്തിൽപ്പെട്ട റേ തോമസ്, സൂസൻ എം.ഫിലിപ്പ്, അനില ജേക്കബ്, അനിത മേരി ജോർജ്, ആനി എബ്രഹാം, റീനി ജേക്കബ്, എസ്.ചന്ദ്രലേഖ എന്നീ അദ്ധ്യാപികമാർക്കാണ് സർവീസ് കാലാവധി അവസാനിച്ചതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് യാത്രയയപ്പ് നൽകിയത്. ഇന്നലെ എം.ഡി സ്‌കൂളിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ പ്രിയപ്പെട്ട അദ്ധ്യാപകരെ പിരിയുന്നതിൽ മനംനൊന്ത് വിദ്യാർത്ഥികളിൽ പലരും പൊട്ടിക്കരഞ്ഞു. വിദ്യാർത്ഥികളുടെ വക അദ്ധ്യാപികമാർക്ക് നിരവധി സ്‌നേഹോപഹാരങ്ങളും സമ്മാനിച്ചു.
എസ്.ചന്ദ്രലേഖ
1984 ൽ ജോലിയിൽ പ്രവേശിച്ചു. പുത്തൻകാവ് , വാഴൂർ സെന്റ് പോൾസ് എച്ച്.എസ്, പുതുശ്ശേരി തുടങ്ങിയ സ്‌കൂളുകളിലെ സേവനത്തിന് ഒടുവിൽ 1996 ലാണ് എം.ഡി യിലേക്ക് കുട്ടികളുടെ പ്രിയപ്പെട്ടവരായി ചന്ദ്രലേഖ എത്തുന്നത്.
റേ തോമസ്
1987 ൽ ജോലിയിൽ പ്രവേശിച്ചു. തഴക്കര, പുതുപ്പാടി , കാർത്തികപ്പള്ളി , വാഴൂർ , പത്തനംതിട്ട തുടങ്ങിയ വിദ്യാലയങ്ങളിലെ സേവനത്തിന് ശേഷം 2002 ലാണ് റേ ഇവിടെയെത്തുന്നത്.
അനിത മേരി ജോർജ്
1992 ൽ ജോലിയിൽ പ്രവേശിച്ചു. പുതുപ്പാടി, കുണ്ടറ,തഴക്കര,വാകത്താനം തുടങ്ങിയ സ്‌കൂളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2017 ലാണ് എം.ഡി യിലെത്തുന്നത്.
സൂസൻ എം. ഫിലിപ്പ്
1986 ൽ ജോലിയിൽ പ്രവേശിച്ചു. ഇരവിനെല്ലൂർ, പുതുപ്പാടി, വെണ്ണിക്കുളം തുടങ്ങിയ സ്‌കൂളുകളിൽ സേവനമനുഷ്‌ഠിച്ച സൂസൻ എം. ഫിലിപ്പ് 2011 ലാണ് എം.ഡി യിലെത്തുന്നത്.
പി.അനില ജേക്കബ്
1988 ൽ ജോലിയിൽ പ്രവേശിച്ചു. പുതുശ്ശേരി, കാർത്തികപ്പള്ളി, കുണ്ടറ, തിരുവല്ല തുടങ്ങി നിരവധി സ്‌കൂളുകളിൽ പ്രവർത്തിച്ച അനില ജേക്കബ് 2000 ത്തിലാണ് എം.ഡി യിലെത്തുന്നത്.
ആനി എബ്രഹാം
1987 ൽ ജോലിയിൽ പ്രവേശിച്ച ആനി എബ്രഹാം പാമ്പാടി, കോട്ടയം, പൊങ്ങന്താനം തുടങ്ങിയിടങ്ങളിലെ വിവിധ സ്‌കൂളുകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2005 ലാണ് എം.ഡി യിലെത്തുന്നത്.
വി.റീനി ജേക്കബ്
1987 ൽ ജോലിയിൽ പ്രവേശിച്ച റീനി പത്തനംതിട്ട, പുതുപ്പാടി, മാന്നാർ, മീനടം തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി സ്‌കൂളുകളിൽ പ്രവർത്തിച്ച ശേഷം 1993 ലാണ് എം.ഡി യിലെത്തുന്നത്.