ചങ്ങനാശേരി: ഈ ദുരിതമൊന്നു മാറ്റാൻ വല്ല വഴിയുമുണ്ടോ? നമുക്ക് വഴി നടക്കാൻ പറ്റാതായിട്ട് നാളുകളേറെയായി. പരാതി പറയുന്നത് തുരുത്തിയിലെ ജനങ്ങളാണ്. കാരണം തുരുത്തിയിൽ ജനങ്ങളെ ദുരിതത്തിലാക്കിയത് ബി.എസ്.എൻ.എൽ ചെട്ടിശേരി റോഡാണ്. ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. നാലുലക്ഷം രൂപ പഞ്ചായത്ത് അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷം മാറ്റിവച്ചെങ്കിലും ഒന്നും നടന്നിട്ടില്ല. യു.ഡി.എഫ് ഭരണത്തിൽ ഇരിക്കുന്ന വാഴപ്പള്ളി പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രതിനിധിയാണ് വാർഡ് മെമ്പർ. ഫണ്ട് ഉണ്ടായിട്ടും റോഡുപണി നടക്കാത്തത് എന്താണെന്ന നാട്ടുകാരുടെ ചോദ്യങ്ങൾക്ക് പഞ്ചായത്ത് അധികൃതരും, വാർഡുമെമ്പറും പലപ്പോഴും മറുപടി നൽകുന്നത് കോൺട്രാക്ട് പിടിക്കാൻ ആരും വരുന്നില്ല എന്നതാണ്. ഈ റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനയാത്രികർ സർക്കസ് കൂടി പഠിച്ചെങ്കിലേ കുഴിയിൽ വീഴാതെ യാത്രചെയ്യാൻ സാധിക്കൂ. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം റോഡ് ടാറുചെയ്യുന്നതിനായി 4 ലക്ഷം അനുവദിച്ചിരുന്നു. ഈ മാർച്ച് മാസത്തോടെ അതും ലാപ്‌സാകും.
റോഡ് തകർന്നതിനാൽ ചെട്ടിശേരി ഭാഗത്തേക്ക് ഓട്ടോറിക്ഷ പോലും വരാതായി.
വാഹനങ്ങൾ ഈ വഴി വരാൻ മടിക്കുന്നതുമൂലം രോഗികളും വയോജനങ്ങളുമാണ് ദുരിതമനുഭവിക്കുന്നത്. നിരവധി ഇരുചക്രവാഹനയാത്രക്കാർ ദിവസേന റോഡിലെ കുഴികളിൽ വീണ് പരിക്കേൽക്കുന്നത് ഇവിടുത്തെ നിത്യസംഭവമാണ്. റോഡ് തകർന്നതിനാൽ ചങ്ങനാശേരി,ചിങ്ങവനം, കോട്ടയം തുടങ്ങിയ പ്രദേശത്തെ സ്‌കൂൾ വാഹനങ്ങളും ഇപ്പോൾ എംസി റോഡ് വരെ മാത്രമേ എത്തൂ. ഇതുമൂലം കൊച്ചുകുട്ടികളെയും കൊണ്ട് രക്ഷകർത്താക്കൾ രണ്ടു കിലോമീറ്റർ ദൂരം നടന്ന് എം.സി റോഡിലെത്തിയാണ് സ്‌കൂൾവാഹനത്തിൽ കയറ്റിവിടുന്നത്. റോഡുപണിയുടെ കോൺട്രാക്ട് എടുക്കാൻ ആരും വരുന്നില്ല എന്ന മുടന്തൻ ന്യായം പറഞ്ഞ് തടിതപ്പുകയാണ്. അധികൃതർ. അതിനാൽ, റോഡിന്റെ അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.